ഈഡൻ പാർക്ക് : ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ 306 എന്ന കൂറ്റൻ സ്‌കോറിനെ 47.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ അനായാസമാണ് ന്യൂസിലൻഡ് മറികടന്നത്. ടോം ലാഥമിന്‍റെയും(145) കെയ്‌ൻ വില്യംസണിന്‍റെയും(94) അപരാജിത കുതിപ്പാണ് ഇന്ത്യക്ക് 7 വിക്കറ്റിന്‍റെ തോൽവി സമ്മാനിച്ചത്. ഇപ്പോൾ ടീമിന്‍റെ പ്രകടനത്തിൽ അതൃപ്‌തി രേഖപ്പെടുത്തിയിരിക്കുകയാണ് നായകനായ ശിഖർ ധവാൻ.
ഇന്ത്യയുടെ പ്രകടനത്തിൽ തൃപ്‌തനല്ലെന്നും ഗ്രൗണ്ടിന്‍റെ സാഹചര്യമനുസരിച്ച് കളിക്കുന്നതിനായി ടീം കൂടുതൽ ആസൂത്രണം ചെയ്യേണ്ടിയിരുന്നുവെന്നും ധവാൻ മത്സര ശേഷം വ്യക്‌തമാക്കി. 'ടീം ടോട്ടൽ മികച്ചതായി തന്നെ ഞങ്ങൾക്ക് തോന്നി. ആദ്യത്തെ 10-15 ഓവറുകളിൽ ബോൾ മികച്ച രീതിയിൽ തന്നെ എറിയാൻ കഴിഞ്ഞു. ഇത് മറ്റ് ഗ്രൗണ്ടുകളിൽ നിന്ന് അൽപ്പം വ്യത്യസ്‌തമാണ്. അതിനനുസരിച്ച് വേണം പ്ലാൻ ചെയ്യാൻ.
ഗതിമാറ്റിയ 40-ാം ഓവർ : ഇന്ന് ഞങ്ങൾ ഷോട്ട് ഓഫ് ലെങ്തിലാണ് ബോൾ ചെയ്‌തത്. പക്ഷേ ലാഥം ഞങ്ങളെ ആക്രമിച്ച് കളിക്കുകയായിരുന്നു. ശാർദുൽ താക്കൂർ എറിഞ്ഞ 40-ാം ഓവറിലാണ് ലാഥം മത്സരത്തെ ഞങ്ങളുടെ കൈകളിൽ നിന്ന് തട്ടിമാറ്റിയത്. അവിടെവച്ചാണ് മത്സരം പൂർണമായും മാറിമറിഞ്ഞത്. ധവാൻ പറഞ്ഞു. ശാർദുൽ താക്കൂർ എറിഞ്ഞ 40-ാം ഓവറിൽ നാല് ഫോറും ഒരു സിക്‌സുമാണ് ലാഥം സ്വന്തമാക്കിയത്.
ഞങ്ങൾ മികച്ച രീതിയിൽ ആസ്വദിച്ചാണ് ഇവിടെ കളിക്കുന്നത്. ഒരുപക്ഷേ വിജയിക്കാനായിരുന്നെങ്കിൽ കൂടുതൽ സന്തോഷിക്കുമായിരുന്നു. പക്ഷേ ഇതെല്ലാം മത്സരത്തിന്‍റെ ഭാഗമാണ്. ടീമിലുള്ളതെല്ലാം ചെറുപ്പക്കാരായ താരങ്ങളാണ്. അവരിൽ നിന്ന് ധാരാളം പഠിക്കാനുണ്ട്. ബോളിങ് സൈഡും ഫീൽഡിങ് സൈഡുമാണ് കൂടുതൽ മെച്ചപ്പെടുത്തേണ്ടത്. ഞങ്ങളുടെ പദ്ധതികൾ കൂടുതൽ വിവേകത്തോടെ അടുത്ത മത്സരങ്ങളിൽ നടപ്പാക്കാൻ ശ്രമിക്കും. ധവാൻ കൂട്ടിച്ചേർത്തു.
ALSO READ:NZ vs IND : അപരാജിതരായി ലാഥവും വില്യംസണും ; ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ അടിച്ചൊതുക്കി കിവികള്‍
തിളങ്ങി അയ്യരും ധവാനും : മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യർ (80), ശിഖർ ധവാൻ (72), ശുഭ്‌മാൻ ഗിൽ(50) എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. റിഷഭ് പന്ത് 15, സൂര്യകുമാർ യാദവ്(4) എന്നിവർ വളരെ വേഗം തന്നെ കൂടാരം കയറി. സഞ്ജു സാംസണ്‍ 38 പന്തിൽ 36 റണ്‍സ് നേടി പുറത്തായി.
എന്നാൽ അവസാന ഓവറുകളിൽ ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദറിന്‍റെ തകർപ്പൻ ബാറ്റിങ് ഇന്ത്യൻ സ്‌കോർ 300 കടത്തുകയായിരുന്നു. സുന്ദർ 16 പന്തിൽ നാല് ഫോറും നാല് സിക്‌സുമുൾപ്പെടെ 36 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ ഉമ്രാൻ മാലിക് 10 ഓവറിൽ 66 റണ്‍സ് വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ശാർദുൽ താക്കൂർ 9 ഓവറിൽ 63 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.