കേരളം

kerala

ETV Bharat / sports

പ്രണയത്തിലായിരിക്കുമ്പോള്‍ അപകടങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ല, തിടുക്കത്തിൽ ആരും വിവാഹം കഴിക്കരുത് : ശിഖര്‍ ധവാന്‍ - വിവാഹ ജീവിതത്തെക്കുറിച്ച് ശിഖര്‍ ധവാന്‍

വിവാഹ ജീവിതത്തെക്കുറിച്ച് അധികം അറിവില്ലാതിരുന്നതിനാല്‍ താന്‍ പരാജയപ്പെട്ടുവെന്ന് ശിഖര്‍ ധവാന്‍

Dhawan On Separation With Aesha Mukherjee  Shikhar Dhawan  Aesha Mukherjee  ശിഖര്‍ ധവാന്‍  വിവാഹ ജീവിതത്തെക്കുറിച്ച് ശിഖര്‍ ധവാന്‍  അയേഷ മുഖർജി
തിടുക്കത്തിൽ ആരും വിവാഹം കഴിക്കരുത്: ശിഖര്‍ ധവാന്‍

By

Published : Mar 26, 2023, 4:38 PM IST

മുംബൈ :ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിഞ്ഞിട്ട് നാളേറെയായി. ധവാനുമായുള്ള ഒമ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി 2021 സെപ്‌റ്റംബറില്‍ അയേഷ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. വേര്‍പിരിയലിന്‍റെ കാരണങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.

ഒടുവിലിതാ വിഷയത്തില്‍ സംസാരിച്ചിരിക്കുകയാണ് ധവാന്‍. വിവാഹ ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ധവാന്‍ എടുത്ത തീരുമാനങ്ങളൊക്കെയും തന്‍റേതായതിനാൽ ഇതില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

"ഞാൻ പരാജയപ്പെട്ടു, കാരണം അന്തിമ തീരുമാനം ഓരോരുത്തരുടേതുമാണ്. ഇതില്‍ മറ്റുള്ള ആരുടേയും നേരെ ഞാന്‍ വിരല്‍ ചൂണ്ടുന്നില്ല. വിവാഹ ജീവിതത്തെക്കുറിച്ച് കൂടുതല്‍ എനിക്ക് അറിയില്ലായിരുന്നു.

ഇന്ന് ക്രിക്കറ്റിനെക്കുറിച്ച് ഞാന്‍ സംസാരിക്കുന്ന കാര്യങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് അറിയില്ലായിരുന്നു. അനുഭവങ്ങളിലൂടെയാണ് ഞാനവ മനസിലാക്കിയത്" - 37കാരനായ ധവാന്‍ പറഞ്ഞു.

കേസ് നടക്കുന്നു :തന്‍റെ വിവാഹമോചന കേസ് ഇതുവരെ തീർപ്പായിട്ടില്ലെന്ന് പറഞ്ഞ ധവാന്‍ 'പുനർവിവാഹം' എന്ന വിഷയം തള്ളിക്കളഞ്ഞില്ലെങ്കിലും ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കി. "വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാളെ, എനിക്ക് വീണ്ടും വിവാഹം കഴിക്കണമെങ്കിൽ, തീര്‍ച്ചയായും ബുദ്ധിപൂര്‍വമായാവും തീരുമാനങ്ങള്‍ എടുക്കുക.

എങ്ങനെയുള്ള ഒരു പെണ്‍കുട്ടിയെയാണ് എനിക്ക് വേണ്ടതെന്നും എന്‍റെ ജീവിതം ചിലവഴിക്കാൻ കഴിയുന്ന ഒരാൾ എങ്ങനെയാവാണമെന്നും എനിക്കിപ്പോള്‍ അറിയാം. എനിക്ക് 26-27 വയസുള്ളപ്പോള്‍ ഞാന്‍ നിരന്തരം ക്രിക്കറ്റ് കളിക്കുകയിരുന്നു. എനിക്ക് ഒരു റിലേഷന്‍ഷിപ്പും ഉണ്ടായിരുന്നില്ല.

ശിഖര്‍ ധവാനും അയേഷ മുഖർജിയും

പക്ഷേ, പ്രണയത്തിലായിരുന്നപ്പോള്‍ അതിലെ അപകടങ്ങള്‍ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഞാനൊരാളുമായി പ്രണയത്തിലാവുന്നതെങ്കില്‍ ആ ബന്ധത്തിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയും. അത്തരം കാര്യങ്ങള്‍ കണ്ടെത്തിയാല്‍ പിന്നെ ഞാനെന്‍റെ വഴി തെരഞ്ഞെടുക്കുക തന്നെ ചെയ്യും" - ധവാന്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയിലെ മെൽബണ്‍ സ്വദേശിയായ അയേഷയുമായുള്ള വിവാഹം 2012ലായിരുന്നു. അയേഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും സൊരാവർ എന്ന ഒരാണ്‍കുട്ടിയുണ്ട്. ധവാനേക്കാള്‍ 12 വയസ് കൂടുതലാണ് അയേഷയ്‌ക്ക്.

വിവാഹമോചന കേസ് നടക്കുന്നതിനാല്‍ നിലവില്‍ അയേഷയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിലാണ് സൊരാവറുള്ളത്. അതേസമയം അയേഷ മുഖർജി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ധവാന്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്തിടെ കോടതി വിധി പറഞ്ഞിരുന്നു. തന്‍റെ കരിയർ നശിപ്പിക്കുമെന്നും ചില വിവരങ്ങൾ ക്രിക്കറ്റ് അധികാരികൾ ഉൾപ്പെടെ എല്ലാവരേയും അറിയിച്ച് തന്‍റെ പ്രശസ്‌തിക്ക് കളങ്കം വരുത്തുമെന്നും അയേഷ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ധവാന്‍റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ALSO READ:ഞാനാണ് സെലക്‌ടറെങ്കില്‍ ഗില്ലിനെ തന്നെയാവും തെരഞ്ഞെടുക്കുക; ഇന്ത്യന്‍ ടീമില്‍ നിന്നുള്ള പുറത്താവലില്‍ ശിഖര്‍ ധവാന്‍

ഹര്‍ജി പരിഗണിച്ച പട്യാല ഹൗസ് കോടതി ധവാന്‍റെ പ്രശസ്‌തിക്ക് കളങ്കം വരുത്തുന്ന അപകീർത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് അയേഷ മുഖർജിയോട് നിര്‍ദേശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ മറ്റാരെങ്കിലുമായോ ഇത്തരം കാര്യങ്ങള്‍ സംസാരിക്കരുത്. പരാതികളുണ്ടെങ്കില്‍ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മാത്രം പറയുകയാണ് വേണ്ടതെന്നുമായിരുന്നു കോടതി നിര്‍ദേശം.

പ്രശസ്‌തി എന്നത് ഒരാളുടെ അത്യുന്നതമായ സ്വത്തായാണ് കണക്കാക്കപ്പെടുന്നത്. അതിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വീണ്ടെടുക്കാൻ കഴിയില്ലാത്തതിനാല്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details