മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖർ ധവാൻ. ലീഗില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് ധവാന്‍ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലാണ് ധവാന്‍ സുപ്രധാന നേട്ടം അടിച്ചെടുത്തത്.
59 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം ധവാന്‍ 88 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു. ധവാന്‍റെ 200ാം ഇന്നിങ്സായിരുന്നു ഇത്. റോയല്‍ ചലഞ്ചേഴ്‌സ് താരം വിരാട് കോലിയാണ് ഐപിഎല്ലില്‍ ആദ്യമായി 6,000 ക്ലബ്ബില്‍ ഇടം നേടിയ താരം. നിലവില്‍ 6402 റൺസെടുത്ത കോലി ഐപിഎല്ലിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ മുന്നിലാണ്.
രണ്ടാം സ്ഥാനത്തുള്ള ധവാന് 6079 റണ്‍സാണുള്ളത്. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ( 5764 റൺസ്), ഡേവിഡ് വാര്‍ണര്‍ (5668 റണ്‍സ്), സുരേഷ് റെയ്‌ന (5528 റണ്‍സ്) എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.