മെല്‍ബണ്‍: ഐസിസി ലോക ടെസ്‌റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍. 2021-23 ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ -സൗത്ത് ആഫ്രിക്ക ടീമുകള്‍ പ്രവേശിക്കുമെന്നാണ് ഓസീസ് ഇതിഹാസ ഓള്‍റൗണ്ടറുടെ പ്രവചനം. ഐസിസി ക്രിക്കറ്റ് റിവ്യു പരിപാടിയിലാണ് വാട്‌സന്‍റെ പ്രതികരണം.
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഓസ്‌ട്രേലിയ, സൗത്ത്ആഫ്രിക്ക ടീമുകള്‍ ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുമെന്നുറപ്പാണ്. ഇരു ടീമുകളും മികച്ച രീതിയിലാണ് ഇപ്പോള്‍ കളിക്കുന്നത്. ഓസ്‌ട്രേലിയ ശ്രീലങ്കയിലും, സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ടിലും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു.
വരും മത്സരങ്ങളില്‍ ഇരു ടീമുകളും മോശം പ്രകടനം കാഴ്‌ചവെച്ചാല്‍ അത് ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ക്ക് ഫൈനലിലേക്കുള്ള വഴി തുറക്കുമെന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയേയും പാകിസ്ഥാനെയും ആരും വില കുറച്ച് കാണരുത്. വിദേശരാജ്യങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള നിരവധി മാച്ച് വിന്നേഴ്‌സായ താരങ്ങള്‍ രണ്ട് ടീമിലുമുണ്ടെന്നും വാട്‌സണ്‍ പറഞ്ഞു.
ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും വാട്‌സണ്‍ വെളിപ്പെടുത്തി. താന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന കാലം മുതല്‍ ടൂര്‍ണമെന്‍റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അത് നിലവില്‍ വരാന്‍ കൂടുതല്‍ സമയമെടുത്തെന്നും വാട്‌സണ്‍ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കായി 59 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് വാട്‌സണ്‍. 2020 നവംബറിലാണ് താരം ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്.
also read:ടെസ്റ്റില്‍ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചത് വിരാട് കോലിയെന്ന് ഗ്രെയിം സ്‌മിത്ത്