മുൻ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ റോഡ്‌നി വില്യം മാർഷിന്‍റെ വിയോഗത്തിന് മണിക്കൂറുകൾക്കിപ്പുറമാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഷെയ്‌ൻ വോണിന്‍റെ മരണ വാർത്ത എത്തുന്നത്. ഇന്ന് രാവിലെ മാർഷിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കുറിച്ച വാക്കുകളാണ് വോണിന്‍റെ അവസാനത്തെ ട്വീറ്റ്. ഇതിന് പിന്നാലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് വോണും യാത്രയായി.
'റോഡ് മാർഷിന്‍റെ മരണവാർത്ത വേദനിപ്പിക്കുന്നു. അദ്ദേഹം ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളാണ്. ഒട്ടേറെ യുവതീ യുവാക്കൾക്ക് പ്രചോദനം. ക്രിക്കറ്റിനായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. പ്രത്യേകിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾക്കായി അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു. റോസിനും കുടുംബത്തിനും സ്നേഹം നേരുന്നു. നിത്യ ശാന്തി സുഹൃത്തേ..' ഇതായിരുന്നു വോണിന്‍റെ അവസാന ട്വീറ്റ്.
അപ്രതീക്ഷിതം...
അപ്രതീക്ഷിതമായി വിടവാങ്ങിയ ക്രിക്കറ്റ് ഇതിഹാസത്തിന് അനുശോചനം നേർന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം എത്തി. അപ്രതീക്ഷിതമെന്നും വിശ്വസിക്കാനാവുന്നില്ല എന്നുമാണ് ഒട്ടുമിക്ക താരങ്ങളും വോണിന്‍റെ വിയോഗ വാർത്തയോട് പ്രതികരിച്ചത്.
ഞെട്ടിക്കുന്നു... വാർണിയെ മിസ് ചെയ്യും. മൈതാനത്തിന് അകത്തോ പുറത്തോ നിങ്ങളോടൊപ്പം ഒരിക്കലും വിരസമായ ഒരു നിമിഷം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഓൺ ഫീൽഡ് ഡ്യുവലുകളും ഓഫ് ഫീൽഡ് പരിഹാസങ്ങളും എപ്പോഴും വിലമതിക്കും. നിങ്ങൾക്ക് ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു, ഇന്ത്യക്കാർക്കിടയിൽ നിങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇത്ര പെട്ടന്ന് ഞങ്ങളെ വിട്ടുപോയി! സച്ചിൻ ടെൻഡുൽക്കർ ട്വീറ്റ് ചെയ്‌തു.
വിശ്വസിക്കാൻ കഴിയുന്നില്ല. മികച്ച സ്പിന്നർമാരിൽ ഒരാൾ, സ്പിന്നിനെ ഇത്രമാത്രം അനായാസം ആക്കിയ മനുഷ്യൻ. സൂപ്പർ താരം ഷെയ്ൻ വോണ്‍ ഇനിയില്ല. ജീവിതം വളരെ ദുർബലമാണ്, പക്ഷേ ഇത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്കും ആരാധകർക്കും എന്‍റെ ഹൃദയംഗമമായ അനുശോചനം. വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്‌തു.
ഈ നിമിഷത്തിൽ ഒന്നും പറയാനാകുന്നില്ല. ഈ സാഹചര്യം എങ്ങനെ സംഗ്രഹിക്കണമെന്ന് എനിക്ക് അക്ഷരാർത്ഥത്തിൽ അറിയില്ല. എന്റെ സുഹൃത്ത് പോയി!! എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളെയാണ് നമുക്ക് നഷ്ടമായത്!! അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനം അറിയിക്കുന്നു. വിട വാർണി!! നിങ്ങളെ മിസ് ചെയ്യും. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ട്വീറ്റ് ചെയ്‌തു.
ഇതിഹാസ താരം ഷെയ്ൻ വോണിന്‍റെ വിയോഗത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ കേട്ടത്. ഞാൻ എത്രമാത്രം ഞെട്ടിപ്പോയെന്നും ദുഃഖിതനാണെന്നും വിവരിക്കാൻ വാക്കുകളില്ല. എന്തൊരു ഇതിഹാസം, എന്തൊരു മനുഷ്യൻ, എന്തൊരു ക്രിക്കറ്റർ. പാക് മുൻ പേസർ അക്‌തർ ട്വീറ്റ് ചെയ്‌തു.
ഷെയ്‌ൻ വോണ്‍ ഇനിയില്ല.. ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. നമ്മുടെ ക്രിക്കറ്റ് സമൂഹത്തിന് വളരെ സങ്കടകരമായ ദിവസം. എന്‍റെ തലമുറയിലെ ഏറ്റവും വലിയ സൂപ്പർ താരം പോയി. ഗുഡ്‌ബൈ ലെജൻഡ്. പാക് താരം വഖാൻ യൂനിസ് ട്വീറ്റ് ചെയ്‌തു.
ALSO READ:ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 'നൂറ്റാണ്ടിലെ പന്ത്'; വിസ്‌മയം തീർത്ത മാന്ത്രികന് വിട
തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വോണ്‍ എന്ന ഇതിഹാസ സ്‌പിന്നറുടെ അന്ത്യം. വോണിനെ തന്‍റെ വില്ലയിൽ ബോധ രഹിതനായി കാണപ്പെടുകയായിരുന്നു. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ജിവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല.