സിഡ്‌നി : വിരമിക്കല്‍ ടെസ്റ്റിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏറെ വിഷമകരമായ ഒരു വാര്‍ത്ത പങ്കുവച്ചിരുന്നു. (David Warner Loses Test Cap And Backpack). പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലേക്കുള്ള യാത്രയ്ക്കിടെ തന്‍റെ ബാഗി ഗ്രീന്‍ (ടെസ്റ്റ് ക്യാപ്പ്) നഷ്‌ടപ്പെട്ടതായാണ് വാര്‍ണര്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഏറെ വികാരഭരിതനായാണ് 37-കാരന്‍ ഇതേക്കുറിച്ച് സംസാരിച്ചത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ്. വാര്‍ണറുടെ ബാഗി ഗ്രീന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായ തെരച്ചില്‍ നടത്തണമെന്നാണ് പാകിസ്ഥാന്‍ നായകന്‍ പറഞ്ഞിരിക്കുന്നത്(Shan Masood on Baggy Green Issue).
"ഡേവിഡ് വാര്‍ണറുടെ ബാഗി ഗ്രീന്‍ കണ്ടെത്താന്‍ ഓസ്‌ട്രേലിയൻ സര്‍ക്കാര്‍ രാജ്യവ്യാപകമായി തെരച്ചില്‍ നടത്തണം. അത് കണ്ടെത്തുന്നതിനായി ഏറ്റവും മികച്ച ഡിറ്റക്‌ടീവുകൾ ആവശ്യമായി വന്നേക്കാം. ക്രിക്കറ്റിന്‍റെ ഒരു മികച്ച അംബാസഡറാണ് അദ്ദേഹം.
അവിശ്വസനീയമായ കരിയര്‍ അവസാനിപ്പിക്കുന്ന അദ്ദേഹം എല്ലാ ബഹുമാനവും ആഘോഷവും അർഹിക്കുന്നുണ്ട്. ഉടന്‍ തന്നെ അത് കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏതൊരു ക്രിക്കറ്റ് താരത്തിനെ സംബന്ധിച്ചും ഏറ്റവും വിലപ്പെട്ട കാര്യമാണിത്.
ഡേവിഡ് വാർണർക്ക് അത് തിരികെ ലഭിക്കുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ" - മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ഷാന്‍ മസൂദ് പറഞ്ഞു. ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരെയാണ് താരം ഫോര്‍മാറ്റില്‍ അവസാന മത്സരം കളിച്ചത്.