കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. പരിക്കേറ്റ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ഇംഗ്ലണ്ടിലെ തുടര്‍ ചികിത്സയ്‌ക്ക് ബോര്‍ഡ് പണമോ സഹായമോ നല്‍കിയില്ലെന്നാണ് മുന്‍ നായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 22കാരനായ താരത്തിന് ഇംഗ്ലണ്ടില്‍ ഡോക്‌ടറുടെ സേവനം ഉറപ്പാക്കിയത് താനാണെന്നും അഫ്രീദി ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
"ഷഹീൻ അഫ്രീദി സ്വന്തം ചെലവിലാണ് ഇംഗ്ലണ്ടില്‍ തുടര്‍ ചികിത്സയ്‌ക്കായി പോയത്. ടിക്കറ്റിന് പോലും സ്വന്തമായി പണം നല്‍കേണ്ടി വന്നു. സ്വന്തം പണം കൊണ്ടാണ് ഇംഗ്ലണ്ടിൽ താമസിക്കുന്നത്. അവിടെ ഡോക്‌ടറെ ഏർപ്പാട് ചെയ്‌തത് ഞാനാണ്. പിസിബി ഒന്നും ചെയ്‌തിട്ടില്ല", അഫ്രീദി പറഞ്ഞു.
ബോര്‍ഡിന്‍റെ അന്താരാഷ്‌ട്ര ഡയറക്‌ടർ സാക്കിർ ഖാൻ ഒന്നോ രണ്ടോ തവണ മാത്രം സംസാരിച്ചതായും അഫ്രീദി കൂട്ടിച്ചേര്‍ത്തു. ഷാഹിദ് അഫ്രീദിയുടെ ഭാവി മരുമകനാണ് ഷഹീന്‍ ഷാ. ഈ വര്‍ഷമാണ് ഷാഹിദ് അഫ്രീദിയുടെ മകളും ഷഹീനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.