മുംബൈ : വനിത ക്രിക്കറ്റ് ടീം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാൻ. നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസി ആദ്യ വനിത ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കിയ വിവരം ട്വിറ്ററിലൂടെയാണ് ഷാരൂഖ് ഖാൻ അറിയിച്ചത്. 'ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്' എന്ന് പേരിട്ട ടീം പ്രഥമ വനിത കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കും.
'നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസിക്ക് ഇത് വളരെ സന്തോഷകരമായ നിമിഷമാണ്. തീർച്ചയായും ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് ടീം അംഗങ്ങൾക്കും. മത്സരത്തിന് സാക്ഷിയാകാനായി എനിക്ക് അവിടെ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ' - ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.
ഓഗസ്റ്റ് 30 നാണ് പ്രഥമ വനിത കരീബിയൻ പ്രീമിയർ ലീഗിന് തുടക്കമാകുന്നത്. ഷാരൂഖ് ഖാന്‍റെ ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് പുറമെ ബാർബഡോസ് റോയൽസ്, ആമസോൺ വാരിയേഴ്‌സ് എന്നീ ടീമുകളും പ്രീമിയർ ലീഗിൽ കളിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നടി ജൂഹി ചൗളയ്‌ക്കൊപ്പം നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പിന്‍റെ സഹ ഉടമയാണ് ഷാരൂഖ്. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് പുറമെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സ്, അബുദാബി നൈറ്റ് റൈഡേഴ്‌സ് എന്നീ മൂന്ന് ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമകൾ കൂടിയാണവർ. ഈ വർഷം ഫെബ്രുവരിയിൽ നടന്ന മെഗാ ഐപിഎൽ താരലേലം ഷാരൂഖിന് നഷ്‌ടമായിരുന്നു. അദ്ദേഹത്തിന്‍റെ മക്കളായ ആര്യനും സുഹാന ഖാനും ജൂഹിയുടെ മകൾ ജാൻവി മേത്തയുമാണ് ചടങ്ങിൽ അഭിനേതാക്കളെ പ്രതിനിധീകരിച്ചിരുന്നത്.
ക്രിക്കറ്റിന് പുറമെ, ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് ഷാരൂഖ്. അദ്ദേഹത്തിന് മൂന്ന് സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. ദീപിക പദുകോണും ജോൺ എബ്രഹാമും അഭിനയിക്കുന്ന സിദ്ധാർഥ് ആനന്ദിന്റെ 'പത്താൻ', നയൻതാരയ്‌ക്കൊപ്പം അറ്റ്‌ലിയുടെ 'ജവാൻ', തപ്‌സി പന്നുവിനൊപ്പം രാജ്‌കുമാർ ഹിരാനിയുടെ 'ഡുങ്കി' എന്നിവയാണ് പുതുചിത്രങ്ങള്‍.