ജോഹന്നാസ്ബർഗ് : ജൂൺ ആദ്യത്തിൽ ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. 2021 ഐസിസി ടി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്ക കളിക്കുന്ന ആദ്യ പരമ്പരയ്‌ക്കുള്ള ടീമിനെ ടെംബ ബാവുമ നയിക്കും. മുംബൈ ഇന്ത്യൻസിന്‍റെ യുവ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്‌സിനെ ആദ്യമായി ടീമിലിടം പിടിച്ചപ്പോൾ അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പേസർ വെയ്ൻ പാർനെൽ ദേശീയ ടീമിൽ തിരിച്ചെത്തി.
ട്രിസ്റ്റൻ സ്റ്റബ്‌സിന് ആദ്യമായി ടീമിലിടം : കഴിഞ്ഞ സീസണിൽ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) ടി-20 ചലഞ്ചിൽ ജിബെറ്റ്സ് വാരിയേഴ്‌സിനായി കളത്തിലിറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്‌സ് ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഏഴ് ഇന്നിംഗ്സുകളിലായി 48.83 ശരാശരിയിലും 183.12 സ്ട്രൈക്ക് റേറ്റിലും 23 സിക്സറുകൾ ഉൾപ്പടെ 293 റൺസാണ് 21 കാരനായ ബാറ്റർ നേടിയത്. ഈ സീസണിലെ മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസിന്‍റെ വിളിയെത്തുമ്പോൾ താരം ദക്ഷിണാഫ്രിക്ക 'എ' ടീമിന്‍റെ ഭാഗമായിരുന്നു.
നോർട്ട്ജെ തിരിച്ചെത്തി :കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇടുപ്പിന് പരിക്കേറ്റ് സുഖം പ്രാപിച്ചുവരുന്ന പേസർ ആൻറിച്ച് നോർട്ട്ജെ, ബാറ്റർമാരായ റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ തിരിച്ചുവരവും ശ്രദ്ധേയമാണ്. തിരിച്ചുവരവിനായി മെഡിക്കൽ ക്ലിയറൻസ് നേടിയ നോർജെ ഇപ്പോൾ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്.
'ഇത് വളരെക്കാലമായി നമ്മൾ കണ്ടിട്ടില്ലാത്ത പ്രോട്ടീസ് ടീമാണ്. ഐപിഎൽ കളിക്കാരുടെ മേധാവിത്വം കൊണ്ട് അർത്ഥമാക്കുന്നത്, ഞങ്ങൾ കളിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കാനാകുന്ന ഒരു ടീം ഞങ്ങൾക്കുണ്ടാകുമെന്നുമാണ്. ട്രിസ്റ്റൻ സ്റ്റബ്‌സ് പ്രതീക്ഷയാണ്, അവന്‍റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കൻ സെലക്‌ടർമാരുടെ കൺവീനർ വിക്‌ടർ എംപിറ്റ്‌സാംഗ് പ്രസ്‌താവനയിൽ പറഞ്ഞു.
ടെംബ ബാവുമ, വെയ്ൻ പാർനെൽ, റീസ ഹെൻഡ്രിക്‌സ് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുടെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. നിരാശാജനകമായ പരിക്കിൽ നിന്ന് കരകയറാൻ കഠിനാധ്വാനം ചെയ്യുന്ന ആൻറിച്ച് നോർട്ട്ജെയുടെ തിരിച്ചുവരവിൽ രാജ്യത്തിനും നമ്മോടൊപ്പം കൂട്ടായ ആശ്വാസത്തിൽ പങ്കുചേരാം -വിക്‌ടർ എംപിറ്റ്‌സാംഗ് കൂട്ടിച്ചർത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ജൂൺ 9 ന് ന്യൂഡൽഹിയിൽ ആരംഭിക്കും, തുടർന്ന് കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും.
ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബാവുമ (ക്യപ്‌റ്റൻ), ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്‌ഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷംസി, ട്രിസ്റ്റെൻ സ്റ്റിവാൻസി, മാർക്കോ ജാൻസെൻ.