ഡബ്ലിന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ താരം സഞ്ജു സാംസണെതിരെ (Sanju Samson) അടുത്തിടെ നിരവധി പേരാണ് രംഗത്തെത്തിയത്. വിന്‍ഡീസില്‍ ടി20യില്‍ അപ്പാടെ സഞ്ജു പരാജയപ്പെട്ടിരുന്നു. മൂന്ന് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌തിട്ടും ഇന്ത്യയ്‌ക്കായി പരമ്പരയില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.
ഇതോടെ, താരത്തിന് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഏറെ നിര്‍ണായകമാകുകയും ചെയ്‌തു. അയര്‍ലന്‍ഡിനെതിരായ ഒന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടപ്പോഴാണ് സഞ്ജു ക്രീസിലേക്ക് എത്തിയത്. എന്നാല്‍, നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിളെടുത്തെങ്കിലും പിന്നീടെത്തിയ മഴ കളി തടസപ്പെടുത്തിയതോടെ സഞ്ജുവിന് ബാറ്റിങ് മികവ് കാട്ടാനുള്ള അവസരവും നഷ്‌ടമായി.
രണ്ടാം മത്സരത്തില്‍ ലഭിച്ച അവസരം കൃത്യമായി തന്നെ മുതലെടുക്കാന്‍ സഞ്ജുവിന് സാധിച്ചു. ഏറെക്കുറെ ടീം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് സഞ്ജുവിന്‍റെ പ്രകടനമായിരുന്നു (Sanju Samson Batting Against Ireland). നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സഞ്ജു 26 പന്ത് നേരിട്ട് 40 റണ്‍സാണ് അടിച്ചെടുത്തത് (IND vs IRE Sanju Samson Batting).
മത്സരത്തില്‍ 4.1 ഓവറില്‍ 34-2 എന്ന നിലയില്‍ ടീം ഇന്ത്യ പതറുമ്പോഴായിരുന്നു ക്രീസിലേക്ക് സഞ്ജുവിന്‍റെ വരവ്. പിന്നാലെ, ഇന്ത്യന്‍ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിനൊപ്പം 71 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിനായി. ഇന്നിങ്‌സ് പതിയ തുടങ്ങിയ സഞ്ജു പിന്നീടാണ് ടോപ് ഗിയറിലേക്ക് കളി മാറ്റിയത്.