കറാച്ചി: സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ജോലി ഭാരത്തില്‍ ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് പാകിസ്ഥാൻ മുന്‍ നായകന്‍ സൽമാൻ ബട്ട്. മൂന്ന് ഫോര്‍മാറ്റിലും ഐപിഎല്ലിലും കളിക്കുന്നതിനാല്‍ താരത്തിന്‍റെ തെരഞ്ഞെടുപ്പില്‍ സെലക്‌ടര്‍മാര്‍ സൂക്ഷ്‌മത പുലര്‍ത്തേണ്ടതുണ്ടെന്നും സൽമാൻ ബട്ട് പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് പാക് മുന്‍ നായകന്‍റെ പ്രതികരണം.
"ബുംറയുടെ ആക്‌ഷന്‍ മുതുകിന് വലിയ ഭാരം നല്‍കുന്നതാണ്. അവന്‍ മൂന്ന് ഫോർമാറ്റുകളും കളിക്കുന്നു, നീണ്ട ടൂര്‍ണമെന്‍റായ ഐപിഎല്ലും ബുംറ കളിക്കുന്നുണ്ട്. ഇതിനാല്‍ താരത്തിന്‍റെ തെരഞ്ഞെടുപ്പില്‍ മാനേജ്‌മെന്‍റ് ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്", ബട്ട് പറഞ്ഞു.
ബുംറ ഫെരാരിയെപ്പോലെ:ഫെരാരി പോലുള്ള ആഢംബര കാറിനോടും ബുംറയെ ബട്ട് ഉപമിച്ചു. "ബുംറ ഒരു ഫെരാരി പോലെയോ അല്ലെങ്കില്‍ ആസ്റ്റൺ മാർട്ടിനോ, ലംബോർഗിനിയോ പോലെയാണ്. വേഗതയുള്ള ആഡംബര കാറുകളാണിവ. 'വാരാന്ത്യ കാറുകൾ' എന്നാണ് ഇവയെ വിളിക്കുന്നത്.
ഇവ ടൊയോട്ട കൊറോളയെപ്പോലെ എല്ലാ ദിവസവും എല്ലായിടത്തും ഉപയോഗിക്കാന്‍ കഴിയുന്നതല്ല. എന്തെങ്കിലുമൊരു പോറല്‍ വലിയ മാറ്റങ്ങളുണ്ടാക്കും. വാരാന്ത്യ കാറുകൾ വാരാന്ത്യങ്ങളിൽ മാത്രം ഓടിക്കാൻ ഉദേശിച്ചുള്ളതാണ്.
ബുംറയെ പോലെയുള്ള ഒരു യഥാർഥ ഫാസ്റ്റ് ബോളറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. എല്ലാ മത്സരങ്ങളിലും അവനെ കളിപ്പിക്കരുത്", ബട്ട് പറഞ്ഞു.
നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള 28കാരനായ ബുംറയ്‌ക്ക് ടി20 ലോകകപ്പില്‍ കളിക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ താരം ഇതേവരെ ടീമില്‍ നിന്നും പുറത്തായിട്ടില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പ്രതികരിച്ചത് ആരാധകര്‍ക്ക് പ്രതീക്ഷയ്‌ക്ക് വക നല്‍കിയിരുന്നു. വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 30) സ്‌കാനിങ്ങിന് വിധേയനായ താരം ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്.
പുറം വേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ ബുംറ കളിച്ചിരുന്നില്ല. തുടര്‍ന്ന് പരമ്പരയില്‍ നിന്നും പുറത്തായ താരത്തിന് പകരക്കാരനായി മുഹമ്മദ് സിറാജിനെ ബിസിസിഐ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ടൂര്‍ണമെന്‍റും ബുംറയ്‌ക്ക് നഷ്‌ടമായിരുന്നു.
യുവതാരങ്ങള്‍ അവസരം വിനിയോഗിക്കണം:ടി20 ലോകകപ്പിൽ നിന്ന് ബുംറ പുറത്താവുകയാണെങ്കില്‍ യുവതാരങ്ങള്‍ തങ്ങളുടെ അവസരം വിനിയോഗിക്കണമെന്നും ബട്ട് പറഞ്ഞു. "മികച്ച നിലവാരമുള്ള ബോളറാണ് ബുംറ. പരിചയസമ്പന്നനായ താരം ഒരു മാച്ച് വിന്നറാണ്. വളരെ വൈവിധ്യമാർന്ന താരമാണ് അവന്‍.
മിഡില്‍ ഓവറുകളിലും ഡെത്ത് ഓവറുകളിലും അവന് പന്തെറിയാൻ കഴിയും. പവര്‍ പ്ലേ ഓവറുകളിലും ഫലപ്രദമായി വിനിയോഗിക്കാം. ടി20 ലോകകപ്പില്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശൂന്യത തീർച്ചയായും അനുഭവപ്പെടും.
എന്നാൽ ഈ സാഹചര്യത്തെ ഇന്ത്യ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. യുവാക്കൾക്ക് മുന്നേറാനുള്ള മികച്ച അവസരമാണിത്. ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുമ്പോൾ, പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തും. അതുവരെ ആരാവും ബുംറയ്‌ക്ക് പകരമാവുകയെന്നത് കണ്ടറിയണം", ബട്ട് പറഞ്ഞു.
also read:'സഹീർ ഖാന്‍റെ യഥാര്‍ഥ പകരക്കാരന്‍'; അർഷ്‌ദീപിനെ പ്രശംസിച്ച് കമ്രാൻ അക്‌മൽ