ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ വിജയത്തുടക്കം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. (South Africa vs India 1st ODI Result) ജോഹന്നാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ അനായാസ വിജയമാണ് സന്ദര്‍ശകര്‍ നേടിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരെ 27.3 ഓവറില്‍ 116 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കിയിരുന്നു.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്ദീപ് സിങ്ങും നാല് വിക്കറ്റുകള്‍ നേടിയ ആവേശ് ഖാനുമാണ് പ്രോട്ടീസിനെ തകര്‍ത്തത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. 43 പന്തില്‍ പുറത്താവാതെ 55 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും (Sai Sudharsan) ശ്രേയസ് അയ്യരും (43 പന്തില്‍ 52) ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.
സായ് സുദര്‍ശന്‍ ഒമ്പത് ബൗണ്ടറികള്‍ നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ ആറ് ബൗണ്ടറികളും ഒരു സിക്‌സും അടിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞതോടെ (Sai sudharsan Hit fifty in ODI debut) ഒരു എലൈറ്റ് ലിസ്റ്റില്‍ ഇടം പിടിക്കാനും 22-കാരനായ സായ് സുദര്‍ശന് കഴിഞ്ഞു. ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ അന്‍പതോ അതില്‍ അധികമോ റണ്‍സ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറാണ് സായ് സുദര്‍ശന്‍.
(Sai Sudharsan becomes 4th Indian opener to hit a fifty-plus score on ODI debut). റോബിന്‍ ഉത്തപ്പയാണ് പട്ടികയിലെ ആദ്യ പേരുകാരന്‍. 2006-ല്‍ ഏകദിന അരങ്ങേറ്റത്തില്‍ 86 റണ്‍സാണ് ഉത്തപ്പ നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു വരവറിയിച്ചത്. 2016-ല്‍ സിംബാബ്‌വെക്കെതിരെ പുറത്താവാതെ 100 റണ്‍സായിരുന്നു താരം കണ്ടെത്തിയത്.