മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും (Sachin Tendulkar) മുംബൈയിലെ വിഖ്യാതമായ വാങ്കഡെ (Wankhede Stadium) സ്റ്റേഡിയവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ക്രിക്കറ്റ് ദൈവമെന്ന് വിശേഷണമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ പല ഐതിഹാസിക ഇന്നിങ്സുകള്‍ക്കും അരങ്ങായത് വാങ്കഡെ സ്റ്റേഡിയമാണ്. ഇനി എന്നും വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിനുണ്ടാവും. സച്ചിൻ ടെണ്ടുൽക്കറുടെ പൂർണകായ പ്രതിമ നാളെ (നവംബർ ഒന്നിന്) വാങ്കഡെയില്‍ അനാച്ഛാദനം ചെയ്യും (Sachin Tendulkar's statue to be inaugurated at Wankhede Stadium).
മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് (Mumbai Cricket Association) സച്ചിന് പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം 50 വയസ് പൂർത്തിയായ താരത്തിന് ആദരവര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സച്ചിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ വാങ്കഡെയില്‍ പ്രതിമ സ്ഥാപിക്കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ (Maharashtra Chief Minister Eknath Shinde) മുഖ്യാതിഥിയും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Maharashtra Deputy Chief Minister Devendra Fadnavis) വിശിഷ്‌ടാതിഥിയുമായി ചടങ്ങില്‍ പങ്കെടുക്കും.
ബിസിസിഐ സെക്രട്ടറി ജയ് ഷാ (BCCI Secretary Jay Shah), ബിസിസിഐ ട്രഷറർ ആശിഷ് ഷെലാർ തുടങ്ങിയവരുടെയും സാന്നിധ്യമുണ്ടാവും. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ - ശ്രീലങ്ക മത്സരം നവംബര്‍ രണ്ടിന് വാങ്കഡെയിലാണ് നടക്കുന്നത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ നിലവിലെ ഇന്ത്യന്‍ താരങ്ങളും പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും. വാങ്കഡെയില്‍ ഇതാദ്യമായാണ് ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. സച്ചിന്‍റെ പേരില്‍ ഇവിടെ നേരത്തെ ഒരു സ്റ്റാന്‍ഡുണ്ട്.