പ്രിയപ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിങ്ങള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍... അതെ, 21-ാം നൂറ്റാണ്ടില്‍ ബാറ്റും ബോളുമേന്തി യുവാക്കളെ ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിച്ച, ലോക ക്രിക്കറ്റിന് ഇന്ത്യ സമ്മാനിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കറിന് ഇന്ന് 50-ാം പിറന്നാള്‍...
1990 കാലഘട്ടത്തില്‍, ഇന്ത്യയില്‍ ഒരു 'മതം' മാത്രമേയുള്ളു, അത് ക്രിക്കറ്റാണെന്നും ഒരു 'ദൈവം' മാത്രമേയുള്ളുവെങ്കില്‍ അത് 'സച്ചിന്‍' ആണെന്നും പറയപ്പെടാന്‍ കാരണമായ വ്യക്തി. കളിക്കളത്തിലെ പ്രകടനം കണ്ട് ഇയാള്‍ മനുഷ്യനാണോ അതോ ദൈവത്തിന്‍റെ അവതാരമാണോ എന്ന് കളിയാസ്വാദകര്‍ സംശയത്തോടെ നോക്കിയ ക്ലാസ് ബാറ്റര്‍. അഞ്ചടി അഞ്ചിഞ്ച് ഉയരം വച്ച് ക്രിക്കറ്റ് ലോകത്തിന്‍റെ അധിപനായി മാറിയ കുറിയ മനുഷ്യന്‍.
ലോകം കീഴടക്കിയ 16കാരന്‍:മുംബൈയില്‍ 1973 ഏപ്രില്‍ 24-നായിരുന്നു 'ലിറ്റില്‍ മാസ്റ്ററുടെ' ജനനം. മുടി നീട്ടിവളര്‍ത്തി കയ്യില്‍ ഒരു വ്രിസ്റ്റ് ബാന്‍ഡണിഞ്ഞ കുട്ടിക്കാലം. ക്രിക്കറ്റ് ലോകത്തേക്ക് എത്തിയപ്പോള്‍ 'ഗുരു' രാമകാന്ത് അചരേക്കര്‍ നല്‍കാമെന്ന് പറഞ്ഞ ഒരു രൂപ നാണയത്തിനായി തന്‍റെ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ നിന്ന മണിക്കൂറുകള്‍.
രാമകാന്ത് അചരേക്കര്‍ ആയിരുന്നു അന്ന് കുഞ്ഞ് സച്ചിന് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ ആദ്യമായി ചൊല്ലിക്കൊടുത്തത്. 1989 തന്‍റെ പതിനാറാം വയസില്‍ ലോക ക്രിക്കറ്റിലേക്ക് ആ സ്‌പ്രിങ് മുടിക്കാരന്‍ തന്‍റെ കാലുകളെടുത്തുവച്ചു. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു.
1989 നവംബര്‍ 15, കറാച്ചിയില്‍ നടന്ന ടെസ്റ്റ് മത്സരം. ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യമായി മൈതാനത്തിറങ്ങിയത്. എന്നാല്‍, ആ പതിനാറുകാരന് അന്ന് 15 റണ്‍സ് മാത്രം നേടി പുറത്താകേണ്ടി വന്നു.
അതേവര്‍ഷം തന്നെ, ഡിസംബര്‍ 18ന് ഇന്ത്യയുടെ ഏകദിന ജഴ്‌സിയും സച്ചിന്‍ അണിഞ്ഞു. അന്ന് സംപൂജ്യനായാണ് ആ ബാലന് മടങ്ങേണ്ടി വന്നത്. 2006ല്‍ കരിയറിലെ ഏക ടി20 മത്സരവും സച്ചിന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചു.