കേരളം

kerala

ETV Bharat / sports

WI vs IND| വിക്കറ്റ് കീപ്പർ-ബാറ്ററായല്ല, സഞ്‌ജുവിന് കൂടുതല്‍ തിളങ്ങാനാവുക ബാറ്ററായി; എന്തിന് മൂന്നാം നമ്പറില്‍ ഇറക്കിയെന്ന് സാബ കരീം

തുടര്‍ച്ചയായി റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഒരു സ്ഥാനത്ത് സഞ്‌ജു സാംസണെ വീണ്ടും കളിപ്പിക്കുന്നതെന്തിനെന്ന് സാബ കരീം.

Saba Karim  Saba Karim on Sanju Samson  WI vs IND  west indies vs india  Rohit sharma  സഞ്‌ജു സാംസണ്‍  സാബ കരീം  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  രോഹിത് ശര്‍മ
സഞ്‌ജു സാംസണ്‍

By

Published : Jul 30, 2023, 6:32 PM IST

മുംബൈ:ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വമ്പന്‍ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തുന്നത്. ആദ്യ ഏകദിനത്തില്‍ മറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി പതിവില്‍ നിന്നും വ്യത്യസ്‌തമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴാം നമ്പറില്‍ എത്തിയപ്പോള്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. രണ്ടാം ഏകദിനത്തിലാവട്ടെ ഇരുവരും പുറത്തിരുന്ന് സഞ്‌ജു സാംസണും അക്‌സര്‍ പട്ടേലിനും അവസരം നല്‍കി.

ഏറെ നീണ്ട അവഗണനയ്‌ക്ക് ഒടുവിലായിരുന്നു സഞ്‌ജുവിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. എന്നാല്‍ 19 പന്തുകളില്‍ ഒമ്പത് റണ്‍സെടുത്ത താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്‌ജുവിനെ ലെഗ്‌ സ്‌പിന്നര്‍ യാനിക് കറിയയുടെ പന്തില്‍ സ്ലിപ്പില്‍ ബ്രണ്ടന്‍ കിങ്ങാണ് പിടികൂടിയത്.

സഞ്‌ജുവിന്‍റെ ഒരു മികച്ച പ്രകടനത്തിനായി കാത്തിരുന്ന ആരാധകരെ ഏറെ നിരാശരാക്കുന്നതായിരുന്നുവിത്. ഇപ്പോഴിതാ സഞ്‌ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതിന്‍റെ യുക്തി ചോദ്യം ചെയ്‌തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സെലക്‌ടര്‍ സാബ കരീം. മാനേജ്‌മെന്‍റിന്‍റെ നിലവിലെ പ്രവര്‍ത്തി എല്ലാവരേയും ആശയക്കുഴപ്പത്തില്‍ ആക്കുന്നതാണെന്നാണ് സാബ കരീം വ്യക്തമാക്കിയത്.

"സഞ്ജു സാംസൺ ഒരു വിമുഖതയുള്ള വിക്കറ്റ് കീപ്പറാണ്, ഇതു പറയുന്നതിലുടെ പരുഷമായി വിമര്‍ശിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. എനിക്ക് തോന്നുന്നത് വിക്കറ്റ് കീപ്പർ-ബാറ്റർ എന്നതിനേക്കാൾ അവന് ഒരു ബാറ്റർ എന്ന നിലയിലാണ് കൂടുതല്‍ കാര്യക്ഷമത എന്നാണ്.

ഒരു പ്രത്യേക സ്ഥാനത്ത് കളിക്കാന്‍ ഇറങ്ങുമ്പോള്‍ സഞ്‌ജുവിന് സ്ഥിരതയോടെ റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് നമുക്ക് അറിയാം. നിങ്ങള്‍ അവനെ മധ്യനിരയില്‍ നാലോ, അഞ്ചോ നമ്പറിലാണ് കളിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അവിടെയാണ് കളിപ്പിക്കേണ്ടത്."- സാബ കരീം പറഞ്ഞു.

ഇഷാന്‍ കിഷനെ എന്തിനാണ് ഓപ്പണറായി ഇറക്കിയതെന്നും സാബ കരീം ചോദിച്ചു. "ഇവിടെ നിങ്ങള്‍ എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കുകയാണ്. കെഎൽ രാഹുൽ മടങ്ങിയെത്തുമ്പോള്‍, ഇഷാൻ കിഷൻ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തില്ലെന്ന് എനിക്കുറപ്പുണ്ട്. ഇപ്പോള്‍ എത്ര മികച്ച രീതിയില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌താലും ലോകകപ്പില്‍ ഇഷാന്‍ കിഷന് അതു ചെയ്യാന്‍ ആവില്ല. പിന്നെ എന്തിനാണ് ഇഷാനെ ഓപ്പണായി ഇറക്കുന്നത്"- സാബ കരീം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോററായത്.

55 പന്തുകളില്‍ 55 റണ്‍സാണ് ഇഷാന്‍ നേടിയത്. ശുഭ്‌മാന്‍ ഗില്‍ (49 പന്തുകളില്‍ 34), സൂര്യകുമാര്‍ യാദവ് (25 പന്തുകളില്‍ 24), രവീന്ദ്ര ജഡേജ (21 പന്തുകളില്‍ 10), ശാര്‍ദുല്‍ താക്കൂര്‍ (22 പന്തുകളില്‍ 16) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്. ഷായ്‌ ഹോപ്പിന്‍റെ അര്‍ധ സെഞ്ചുറിയും കെസി കാര്‍ട്ടിയുടെ ഉറച്ച പിന്തുണയുമാണ് ടീമിന് തുണയായത്. 80 പന്തുകളില്‍ പുറത്താവാതെ 63 റണ്‍സാണ് വിന്‍ഡീസ് ക്യാപ്റ്റനായ ഷായ്‌ ഹോപ് നേടിയത്. പുറത്താവാതെ 65 പന്തുകളില്‍ 48 റണ്‍സായിരുന്നു കെസിയുടെ സമ്പാദ്യം.

ALSO READ: Watch | കറിയയുടെ കുത്തിത്തിരിഞ്ഞ പന്തില്‍ ഞെട്ടിത്തരിച്ച് സഞ്‌ജു സാംസണ്‍ ; മൂന്നാം നമ്പറില്‍ ഇറക്കിയതില്‍ വിമര്‍ശനം

ABOUT THE AUTHOR

...view details