മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുല്യ ശക്‌തികളുടെ പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 18 റണ്‍സ് തോൽവി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് ഓവറില്‍ വെറും 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡാണ് ബാംഗ്ലൂരിന് ജയം നേടിക്കൊടുത്തത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 181 റണ്‍സെടുത്തത്. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്‍റെ പ്രകടനമാണ് സംഘത്തിന് തുണയായത്. 64 പന്തില്‍ 11 ഫോറും രണ്ട് സിക്‌സുകളും സഹിതം 96 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
ബാംഗ്ലൂരിന്‍റെ 182 റണ്‍സിലെക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് മൂന്നാം ഓവറില്‍ തന്നെ മൂന്ന് റൺസുമായി ഓപ്പണര്‍ ക്വിന്‍റണ്‍ ഡിക്കോക്കിനെ നഷ്‌ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ മനീഷ് പാണ്ഡെയും ആറ് റൺസുമായി നിരാശപ്പെടുത്തി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സടിച്ച് ലഖ്‌നൗ തുടക്കം ഭേദപ്പെട്ടതാക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബാംഗ്ലൂര്‍ കളിയില്‍ പിടിമുറുക്കി.
ടീം സ്‌കോർ 64 ൽ നിൽക്കെ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ രാഹുൽ 30 റൺസുമായി ഹർഷൽ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ 14 പന്തില്‍ നിന്നും 13 റണ്‍സെടുത്ത ഹൂഡയും മടങ്ങി. ക്രീസിന്‍റെ ഒരുവശത്ത് നിലയുറപ്പിച്ചിരുന്ന ക്രുണാലും തൊട്ടടുത്ത ഓവറില്‍ പുറത്തായി. 28 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 42 റണ്‍സെടുത്താണ് താരം മടങ്ങിയത്.
ALSO READ:ടി20 ലോകകപ്പില്‍ ഫിനിഷറുടെ റോളിലിറങ്ങാന്‍ കാർത്തിക്കിന് കഴിയും : ഗവാസ്‌കർ
ദീപക് ഹൂഡ (14 പന്തിൽ 13), ആയുഷ് ബദോനി (13 പന്തിൽ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചു. 15 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 24 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ലഖ്‌നൗവിനെ വിജയപ്രതീക്ഷ നൽകി. എന്നാൽ 19-ാം ഓവറില്‍ താരത്തെ മടക്കിയ ഹെയ്‌സല്‍വുഡ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. ജേസണ്‍ ഹോള്‍ഡര്‍ എട്ടു പന്തില്‍ നിന്ന് 16 റണ്‍സെടുത്തെങ്കിലും ജയം അകലെയായിരുന്നു.
ബാംഗ്ലൂരിനായി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. സിറാജും മാക്‌സ്‌വെല്ലും ഓരോ വിക്കറ്റ് വീതമെടുത്തു. ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്‍റുമായി ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ലഖനൗ നാലാം സ്ഥാനത്തേക്ക് വീണു.