ന്യൂഡല്‍ഹി: ബ്രസീലിയൻ ഫുട്‌ബോള്‍ ഇതിഹാസം റൊണാൾഡീന്യോ കൊല്‍ക്കത്തയില്‍ എത്തുന്നതായി റിപ്പോര്‍ട്ട് (Ronaldinho To Visit Kolkata). അടുത്ത മാസമാണ് 43-കാരനായ റൊണാൾഡീന്യോ (Ronaldinho) ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ മെക്കയായ കൊല്‍ക്കത്തയില്‍ സന്ദര്‍ശനം നടത്തുക. നേരത്തെ ഇതിഹാസ താരങ്ങളായ പെലെ (Pele), ഡീഗോ മറഡോണ (Diego maradona) തുടങ്ങിയവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന സ്പോർട്‌സ് പ്രൊമോട്ടര്‍മാരാണ് റൊണാൾഡീന്യോയുടേയും വരവിന് പിന്നിലെന്നാണ് വിവരം.
ഒക്‌ടോബർ 15 മുതൽ 19 വരെ റൊണാൾഡീന്യോ നഗരം സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ കോംഗോയിൽ നടക്കുന്ന ബാഴ്‌സ ലെജൻഡ്‌സ് മത്സരത്തിന് ശേഷമാവും അന്തിമ തീയതിയില്‍ തീരുമാനമാവുകയെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നത്. ഒരുതവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡീന്യോ ആദ്യമായാണ് കൊൽക്കത്ത സന്ദർശിക്കാനെത്തുന്നത്.
ഇവിടെ ഒരു ചാരിറ്റി മത്സരത്തിൽ താരം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പ് ജേതാവായ അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ (Lionel Messi) ഒരു പ്രതിമയും 43-കാരന്‍ അനാച്ഛാദനം ചെയ്യുമെന്നാണ് വിവരം. കൂടാതെ ചില പ്രൊമോഷന്‍ പരിപാടികളിലും ബ്രസീലിന്‍റെ മുന്‍ താരം പങ്കെടുക്കും.
2002-ല്‍ ബ്രസീലിന്‍റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റൊണാൾഡീന്യോ. രണ്ട് തവണ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. അതേസമയം അര്‍ജന്‍റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് (Emiliano Martinez) കഴിഞ്ഞ ജൂണില്‍ കൊല്‍ക്കത്തയില്‍ എത്തിയിരുന്നു.
പെലെ, ഡിഗോ മറഡോണ എന്നിവരെക്കൂടാതെ ലയണല്‍ മെസി, കഫു, ദുംഗ, കാർലോസ് ആൽബെർട്ടോ വാൽഡെറാമ, തുടങ്ങിയ പ്രതിഭകൾ നേരത്തെ ഇന്ത്യയിലേക്ക് എത്തിയിരുന്നുവെങ്കിലും ഇതാദ്യമായി ആയിരുന്നു നിലവിലെ ലോകകപ്പ് ജേതാവായ ഒരു താരം രാജ്യത്ത് എത്തുന്നത്.