കേരളം

kerala

ETV Bharat / sports

ഇത് കൂട്ടായ പരാജയം, 4 വർഷത്തിനിടെ സ്വന്തം മണ്ണിൽ ഇന്ത്യയ്ക്ക് നഷ്‌ടമായ ആദ്യ ഏകദിന പരമ്പര; പ്രതികരണവുമായി രോഹിത് - IND VS AUS

മികച്ച കൂട്ടുകെട്ടുകൾ പുറത്തെടുക്കാനാവത്തതാണ് ഇന്ത്യയുടെ പരമ്പര തോൽവിയുടെ പ്രധാന കാരണമായി രോഹിത് ചൂണ്ടിക്കാണിക്കുന്നത്.അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.1 ഓവറിൽ 248 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

Rohit sharma  Rohit sharma reaction on lose against Australia  India vs Australia  ഇന്ത്യ vs ഓസ്ട്രേലിയ  രോഹിത് ശർമ  cricket news  sports news  india first series defeat after 4 years  Rohit sharma reaction
ഏകദിന പരമ്പരയിലേറ്റ തോൽവിയിൽ പ്രതികരണവുമായി രോഹിത് ശർമ

By

Published : Mar 23, 2023, 11:13 AM IST

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേറ്റ തോൽവിയിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. താരങ്ങൾ അവരുടെ കഴിവിനനുസരിച്ചുള്ള കളി പുറത്തെടുക്കാത്തതും വിക്കറ്റുകൾക്കിടയിൽ മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തുന്നതിൽ പരാജയപ്പെട്ടതുമാണ് അവസാന മത്സരത്തിലെ പരാജയത്തിന് കാരണമെന്നാണ് രോഹിത് തുറന്നടിച്ചത്. ചെന്നൈയിൽ നടന്ന നിർണായകമായ മത്സരത്തിൽ 21 റൺസിന്‍റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്.

ഓസ്‌ട്രേലിയയുടെ 270 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക്‌ 49.1 ഓവറിൽ 248 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ നാല് വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് സ്വന്തം തട്ടകത്തിൽ ഒരു ഏകദിന പരമ്പര നഷ്‌ടമായി. ഇതിനു മുൻപ് 2019ൽ വിരാട് കോലിയുടെ കീഴിലിറങ്ങിയ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയൻ ടീമാണ് അവസാനമായി ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പര സ്വന്തമാക്കിയത്. പരമ്പര ജേതാക്കളായ ഓസീസിനെ നയിച്ചത് ആരോൺ ഫിഞ്ചായിരുന്നു.

'269 എന്നത് അത്ര വലിയ വിജയലക്ഷ്യമാണെന്ന് ഞാൻ കരുതുന്നില്ല. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. വിക്കറ്റ് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. എല്ലാ മത്സരങ്ങളിലും മികച്ച കൂട്ടുകെട്ടുകൾ നിർണായകമാണ്. എന്നാൽ ഈ മത്സരത്തിൽ അത്തരത്തിൽ ടീമിന് മുതൽകൂട്ടാവുന്ന തരത്തിലുള്ള കൂട്ടുകെട്ടുകൾ പടുത്തുയർത്തുന്നതിൽ പരാജയപ്പെട്ടു. അത് ടീമിന്‍റെ ആകെ പ്രകടനത്തിൽ കാര്യമായി ബാധിച്ചു' - ചെന്നൈയിലെ മത്സരശേഷം രോഹിത് ശർമ പ്രതികരിച്ചു.

മത്സരത്തിലെ പുറത്താകലുകളുടെ രീതിയും അങ്ങനെത്തന്നെയാണ്. നിങ്ങൾ കളി പഠിച്ചത് ഈ വിക്കറ്റുകളിലാണ്. ചില സാഹചര്യങ്ങളിൽ നിങ്ങൾ പുതിയ ശൈലികൾ പരീക്ഷിക്കുകയും അതിൽ വിജയം കണ്ടെത്തുകയും വേണ്ടിവരും. ഒരു ബാറ്റർ മികച്ച രീതിയിൽ കളി തുടരേണ്ടതും ടീമിനെ മികച്ച നിലയിൽ എത്തിക്കുക എന്നതും വളരെ പ്രധാനമാണ്. എന്നാൽ ഈ മത്സരത്തിൽ ഞങ്ങളെല്ലാവരും പരമാവധി പരിശ്രമിച്ചെങ്കിലും അത് മാത്രം സംഭവിച്ചില്ല' - രോഹിത് കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, 2023 ൽ ഇതുവരെ ഇന്ത്യയിൽ കളിച്ച 9 ഏകദിന മത്സരങ്ങൾ ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതായി രോഹിത് വിശ്വസിക്കുന്നു. ' ജനുവരി മുതൽ ഞങ്ങൾ കളിച്ച ഒമ്പത് ഏകദിനങ്ങൾ, അതിൽ നിന്ന് ടീമിന് പ്രതീക്ഷ നൽകുന്ന ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ടായിട്ടുണ്ട്. ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നതിൽ തർക്കമില്ല'.

'ഏത് മേഖലയിലാണ് നമ്മൾ കൂടുതൽ മെച്ചപ്പെടേണ്ടതെന്ന് മനസിലാക്കേണ്ടതുണ്ട്. ഇത് ടീമിന്‍റെ കൂട്ടായ പരാജയമാണ് വ്യക്‌തമാക്കുന്നത്. ഈ പരമ്പരയിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് പഠിക്കാനാകും. പരമ്പരയിൽ ഓസ്ട്രേലിയ മികച്ചുനിന്നു. അവസാന മത്സരത്തിൽ അവരുടെ രണ്ട് സ്‌പിന്നർമാരും പേസർമാരും ഇന്ത്യൻ താരങ്ങൾക്കുമേൽ വലയ സമ്മർദം ചെലുത്തി' - രോഹിത് കൂട്ടിച്ചേർത്തു.

ചെപ്പോക്കിലെ നിർണായകമായ മൂന്നാം മത്സരത്തിൽ 270 റണ്‍സ് പിന്തുടർന്ന ഇന്ത്യയെ സ്‌പിന്നർമാരായ ആദം സാംപ, ആഷ്‌ടണ്‍ അഗര്‍ എന്നിവരുടെ പ്രകടനത്തിലാണ് ഓസ്‌ട്രേലിയ 21 റൺസിന് തോൽപ്പിച്ചത്. ഇന്ത്യൻ നിരയിൽ 54 റണ്‍സെടുത്ത വിരാട് കോലിക്കും 40 റണ്‍സ് നേടിയ ഹാർദിക് പാണ്ഡ്യക്കും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനയത്. ഓസീസിനായി സ്‌പിന്നർമാരായ ആദം സാംപ നാലും ആഷ്‌ടണ്‍ അഗര്‍ രണ്ടും പേസർമാരായ മാര്‍ക്കസ് സ്റ്റോയിനിസും ഷോണ്‍ അബോട്ടും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ABOUT THE AUTHOR

...view details