മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ സജീവമാണ്. നിലവില്‍ വെറ്ററന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി മാറ്റി നിര്‍ത്തുന്ന ഇന്ത്യയുടെ ടി20 ടീമില്‍ നിശബ്‌ദമായ ഒരു തലമുറമാറ്റത്തിന് ബിസിസിഐ തുടക്കം കുറിച്ചതായി പൊതുവെ സംസാരമുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli ) ഉള്‍പ്പെടെയുള്ള വെറ്ററന്മാര്‍ കളമൊഴിഞ്ഞാല്‍ ആരാവും ടീമിനെ മുന്നോട്ട് നയിക്കുക എന്ന ചോദ്യം പ്രസക്തമാണ്.
ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍ (Wasim Jaffer ). രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന താരങ്ങള്‍ ശുഭ്‌മാൻ ഗില്ലും (Shubman Gill) യശസ്വി ജയ്‌സ്വാളുമാണെന്നാണ് വസീം ജാഫർ നിർദേശിച്ചിരിക്കുന്നത്.
'ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നയാളെന്ന് ഞാന്‍ കരുതുന്നതില്‍ ആദ്യത്തെയാള്‍ യശ്വസി ജയ്‌സ്വാളാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ഒരു താരമായാണ് ഞാന്‍ അവനെ കാണുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനമായിരുന്നു യശ്വസി ജയ്‌സ്വാള്‍ (Yashasvi Jaiswal ) നടത്തിയത്.
അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് വിളിയെത്തിയതിന് ശേഷം ടെസ്റ്റില്‍ മികച്ച തുടക്കം കുറിക്കാനും അവന് കഴിഞ്ഞു. ഈ പട്ടികയില്‍ ഞാൻ എടുക്കുന്ന രണ്ടാമത്തെ പേര് ശുഭ്‌മാൻ ഗില്ലിന്‍റേതാണ്. നമ്മൾ ബാറ്റിങ്ങിനെക്കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കിൽ, രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ശക്തരായ മത്സരാർഥികള്‍ ഈ രണ്ട് പേരും തന്നെയാണ്' -വസീം ജാഫർ പറഞ്ഞു.