ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 90 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീകള്‍ക്കായി ഡെവോണ്‍ കോണ്‍വെ മാത്രമാണ് കാര്യമായ പോരാട്ടം നടത്തിയത്. 100 പന്തില്‍ 12 ഫോറുകളും എട്ട് സിക്‌സും സഹതിം 138 റണ്‍സടിച്ചാണ് കോണ്‍വെ തിരിച്ച് കയറിയത്.
32ാം ഓവറിന്‍റെ നാലാം പന്തില്‍ ഉമ്രാന്‍ മാലിക്കിന്‍റെ പന്തില്‍ രോഹിത് ശര്‍മ പിടികൂടി പുറത്താവും വരെ ഇന്ത്യയ്‌ക്ക് കടുത്ത വെല്ലുവിളിയാണ് താരം നല്‍കിയത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നഷ്‌ടപ്പെടുത്തി സുവര്‍ണാവസരം മുതലെടുത്തായിരുന്നു കിവീസ് ഓപ്പണര്‍ കത്തിക്കയറിയത്. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്‍റെ 16ാം ഓവറിന്‍റെ അവസാന പന്തിലാണ് കോണ്‍വെയ്‌ക്ക് ഇഷാന്‍ ജീവന്‍ നല്‍കിയത്.
യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്തില്‍ സ്‌റ്റംപ് ചെയ്‌ത് പുറത്താക്കാനുള്ള അവസരമാണ് ഇഷാന്‍ നഷ്‌ടപ്പെടുത്തിയത്. ചാഹലിനെ ആക്രമിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ കോണ്‍വേ കബളിപ്പിക്കപ്പെട്ടു. എന്നാല്‍ പന്ത് പിടിച്ചെടുത്ത് ബെയ്‌ല്‍സ് ഇളക്കുന്നതില്‍ ഇഷാന്‍ പരാജയപ്പെടുകയായിരുന്നു.