കേരളം

kerala

ETV Bharat / sports

ടി20യിലും ആവര്‍ത്തിക്കുമോ ഏകദിന ലോകകപ്പിലെ 'ഹിറ്റ്‌മാന്‍' വെടിക്കെട്ട്... ശ്രദ്ധാകേന്ദ്രമായി രോഹിത്

Rohit Sharma T20I : ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അന്താരാഷ്‌ട്ര ടി20 മത്സരത്തിനായി കളിക്കാനിറങ്ങുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെയാണ് കുട്ടിഫോര്‍മാറ്റിലേക്ക് താരത്തിന്‍റെ തിരിച്ചുവരവ്.

By ETV Bharat Kerala Team

Published : Jan 11, 2024, 10:34 AM IST

Rohit Sharma T20I  IND vs AFG 1st T20I  Rohit Sharma Stats  രോഹിത് ശര്‍മ
Rohit Sharma T20I

മൊഹാലി :14 മാസത്തിന് ശേഷം ടി20 ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma). ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ടീമിലേക്കുള്ള രോഹിത് ശര്‍മയുടെ തിരിച്ചുവരവ് ആരാധകരും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ആയിരുന്നു രോഹിത് ക്രിക്കറ്റിന്‍റെ കുട്ടി ഫോര്‍മാറ്റില്‍ അവസാനമായി ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയത്.

പിന്നീട്, ടി20യില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയും (Hardik Pandya) സൂര്യകുമാര്‍ യാദവും (Suryakumar Yadav) ഇന്ത്യന്‍ ടീമിനെ നയിച്ചു. ഹര്‍ദിക്കിന് കീഴില്‍ തന്നെയാകും ഇന്ത്യ വരുന്ന ടി20 ലോകകപ്പും കളിക്കുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയായിരുന്നു രോഹിത് അഫ്‌ഗാനെതിരായ സ്ക്വാഡില്‍ ഇടം പിടിച്ചത്. ഇതോടെ, രോഹിതിന് കീഴില്‍ തന്നെ ഇന്ത്യ ടി20 ലോകകപ്പും കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏകദിന ലോകകപ്പ് തോല്‍വിക്ക് ശേഷം ലിമിറ്റഡ് ഓവറില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഇന്ന് അഫ്‌ഗാനിസ്ഥാനെതിരെ ആരംഭിക്കുന്ന പരമ്പരയ്‌ക്കുണ്ട്. അതുകൊണ്ട് തന്നെ ഏകദിന ലോകകപ്പിലെ പ്രകടനങ്ങള്‍ രോഹിതിന് ടി20യിലും ആവര്‍ത്തിക്കാനാകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

രോഹിതിന്‍റെ 'വൈറ്റ് ബോള്‍' പ്രകടനം : കഴിഞ്ഞ ഏകദിന ലോകകപ്പിലായിരുന്നു രോഹിത് ശര്‍മ ഇന്ത്യയ്‌ക്ക് വേണ്ടി അവസാനമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയത്. ഇവിടെ മിന്നും പ്രകടനം തന്നെ രോഹിതിന് നടത്താന്‍ സാധിച്ചിട്ടുണ്ട്. ലോകകപ്പിലെ 11 മത്സരങ്ങളില്‍ നിന്നും 125.94 സ്‌ട്രൈക്ക് റേറ്റില്‍ 597 റണ്‍സായിരുന്നു രോഹിത് അടിച്ചെടുത്തത് (Rohit Sharma Recent ODI Stats).

എന്നാല്‍, ടി20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ കഥ മറ്റൊന്നാണ്. രാജ്യാന്തര ടി20യിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആണെങ്കിലും അവസാനം കളിച്ച മത്സരങ്ങളില്‍ ഒന്നിലും മികവ് കാട്ടാന്‍ രോഹിതിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ടി20 ലോകകപ്പില്‍ 19.33 ശരാശരിയിലും 106.42 പ്രഹരശേഷിയിലും 116 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്.

ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച അവസാന 10 ടി20യില്‍ നിന്നും വെറും 176 റണ്‍സ് മാത്രം സമ്പാദ്യം (Rohit Sharma Last 10 T20I Score). സമാനമായിരുന്നു കഴിഞ്ഞ ഐപിഎല്ലിലെയും കാര്യം. മുംബൈ ഇന്ത്യന്‍സ് നായകനായിരുന്ന രോഹിത് അവസാന സീസണില്‍ 250 റണ്‍സ് മാത്രമായിരുന്നു നേടിയത് (Rohit Sharma IPL 2023 Stats).

പുതിയ 'ഇന്ത്യ'യ്‌ക്കൊപ്പം രോഹിത് :രോഹിത് അവസാനമായി അന്താരാഷ്‌ട്ര ടി20 മത്സരം കളിച്ചപ്പോള്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ടീമല്ല ഇപ്പോള്‍ ഉള്ളത്. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തെളിയിച്ച നിരവധി യുവതാരങ്ങള്‍ ടീം ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ഒരു വര്‍ഷത്തിന് ശേഷം ടീമിലേക്കുള്ള തിരിച്ചുവരവില്‍ യശസ്വി ജയ്‌സ്വാളിനൊപ്പമാകും രോഹിത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.

സമീപകാലത്തായി ഇന്ത്യയ്‌ക്ക് വേണ്ടി നിരവധി തകര്‍പ്പന്‍ പ്രകടനങ്ങള്‍ ജയ്‌സ്വാളിന് പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഓപ്പണര്‍മാരും ഇവരാണ്. വരുന്ന മത്സരങ്ങളില്‍ ഇരുവരും മികച്ച പ്രകടനം പുറത്തെടുത്താല്‍ അത് വരാനിരിക്കുന്ന ടി20 ലോകകപ്പിലും ടീമിന് തുണയാകും.

Also Read :അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20, വിക്കറ്റിന് പിന്നില്‍ 'അവസരം' കാത്ത് സഞ്ജുവും ജിതേഷും

ABOUT THE AUTHOR

...view details