മെല്‍ബണ്‍: ടി20 ലോകകപ്പിനേക്കാൾ പേസര്‍ ജസ്‌പ്രീത് ബുംറയുടെ കരിയറാണ് പ്രധാനമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബുംറയ്ക്ക് ഇനിയും ഏറെ ക്രിക്കറ്റ് കളിക്കാനുണ്ട്. ടി20 ലോകകപ്പില്‍ ബുംറയെ മിസ്സ് ചെയ്യുമെങ്കിലും ഇക്കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും രോഹിത് പറഞ്ഞു.
"ബുംറയുടെ പരിക്കുകളെ കുറിച്ച് ഞങ്ങൾ ഒരുപാട് സ്പെഷ്യലിസ്റ്റുകളോട് സംസാരിച്ചു, പക്ഷേ മറുപടി അനുകൂലമായിരുന്നില്ല. ഈ ലോകകപ്പ് പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം അവന്‍റെ കരിയറാണ്.
വെറും 28 വയസ് മാത്രമാണ് അവനുള്ളത്. മൂന്നില്‍ ഇനിയുമേറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇനിയും ഏറെ മത്സരങ്ങളില്‍ ഇന്ത്യയെ വിജയക്കുന്നതില്‍ വലിയ സംഭാന നല്‍കാന്‍ അവന് കഴിയും". രോഹിത് പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് ബുംറ. എന്നാല്‍ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടത്തിനിടെയുണ്ടായ പരിക്കില്‍ നിന്ന് രണ്ട് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞ് അടുത്തിടെ ബുംറ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.
എന്നാല്‍ പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു.ഇതോടെ വെറ്ററന്‍ താരം മുഹമ്മദ് ഷമിയെയാണ് ബുംറയ്‌ക്ക് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലായിരുന്നു ഷമിയുടെ സ്ഥാനം.
2021 നവംബറിൽ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഷമി ഇന്ത്യയ്‌ക്കായി ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് അടുത്തിടെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ നടന്ന ടി20 പരമ്പരയും ഷമിക്ക് നഷ്‌ടമായിരുന്നു. ഇതോടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിച്ചതിന് ശേഷമാണ് ഷമി ടീമിനൊപ്പം ചേരാന്‍ ഓസ്‌ട്രേലിയയിലേക്ക് പറന്നത്.
also read:'ഇതേപ്പറ്റി എപ്പോഴും ചോദിക്കണമെന്നില്ല' ; മാധ്യമ പ്രവര്‍ത്തകരോട് കടുപ്പിച്ച് രോഹിത് ശര്‍മ