മുംബൈ: ഈ മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കായുള്ള ഇന്ത്യൻ ടീമിൽ നിന്ന് വൈസ് ക്യാപ്‌റ്റൻ രോഹിത് ശർമ്മയെ പുറത്താക്കി. നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ വലത് തുടക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരമ്പരയിൽ രോഹിത്തിന് പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി.
പരിക്ക് ഗുരുതരമാണെങ്കിൽ ജനുവരി 19ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും രോഹിത് കളിക്കുന്ന കാര്യം സംശയത്തിലാണ്. അതേസമയം ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് പുറത്തായ സാഹചര്യത്തിൽ പകരം വൈസ് ക്യാപ്‌റ്റനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ടെസ്റ്റിൽ മികച്ച ഫോമിൽ കളിക്കുന്ന രോഹിത്തിന്‍റെ അഭാവം ടീമിനെ വലിയ രീതിയിൽ ബാധിച്ചേക്കും. ഈ വർഷം 11 ടെസ്റ്റുകളിൽ നിന്ന് രണ്ട് സെഞ്ച്വറികളും നാല് അർധ സെഞ്ച്വറികളും ഉൾപ്പെടെ 906 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. 47.68 ആണ് ശരാശരി.
ALSO READ:കോലി ഇന്ത്യന്‍ ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ച ക്യാപ്റ്റന്‍ : രോഹിത് ശര്‍മ
രോഹിത്തിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയ പ്രിയങ്ക് പഞ്ചാൽ ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിന്‍റെ താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 24 സെഞ്ച്വറിയും 25 അർധസെഞ്ച്വറിയും അടക്കം 7011 റണ്‍സ് ഈ 31കാരൻ നേടിയിട്ടുണ്ട്.