മുംബൈ:തിലക് വർമ എന്ന യുവതാരത്തിന്‍റെ വളർച്ച ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലൂടെ രാജ്യാന്തര അരങ്ങേറ്റം നടത്തിയ തിലക് വര്‍മ മിന്നും പ്രകടനം നടത്തിയിരുന്നു. പേരുകേട്ട പല താരങ്ങളും ദയനീയ പ്രകടനം നടത്തിയപ്പോള്‍ പരമ്പരയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും തിലക് മിന്നും പ്രകടനം നടത്തിയിരുന്നു.
നാലാം നമ്പറില്‍ ഉത്തരവാദിത്തത്തോടെയും ആകർഷകവുമായ ശൈലിയിലുമായിരുന്നു 20-കാരന്‍ ബാറ്റി വീശിയത്. ഏകദിന ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ആശങ്ക നിലനില്‍ക്കുന്ന സ്ഥാനമാണിത്. യുവരാജ് സിങ്ങിന്‍റെ വിരമിക്കലിന് ശേഷം ഒരു താരത്തിനും നാലാം നമ്പരിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞിട്ടില്ല. സമീപകാലത്തായി ശ്രേയസ് അയ്യരായിരുന്നു പ്രസ്‌തു സ്ഥാനം കയ്യാളിയിരുന്നത്.
എന്നാല്‍ പരിക്കിന്‍റെ പിടിയിലുള്ള താരത്തിന്‍റെ പങ്കാളിത്തം ടൂര്‍ണമെന്‍റില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ നാലാം സ്ഥാനത്തിനായി തിലക് വര്‍മയെ പരിഗണിക്കുമോയെന്നാണ് ആരാധകരില്‍ ചിലര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
വ്യക്തമായ ഒരു മറുപടി നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞ് മാറിയ രോഹിത്, തിലകിന്‍റെ കഴിവിനെ പുകഴ്‌ത്തുകയാണ് ചെയ്‌തത്. " ഭാവിയിലെ ഒരു വലിയ വാഗ്ദാനമാണവന്‍. രണ്ട് വർഷമായി ഞാൻ അവനെ കാണുന്നുണ്ട്. അവന് കളിയോട് അഭിനിവേശമുണ്ട്.