ഏകദിന ലോകകപ്പിന് (ICC ODI World Cup 2023) മുന്‍പുള്ള ടീം ഇന്ത്യയുടെ അവസാന ഡ്രസ് റിഹേഴ്‌സലായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേടാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ആദ്യ രണ്ട് പോരാട്ടങ്ങളിലും കളിക്കാന്‍ ഇറങ്ങിയ ടീം ഇന്ത്യ ശുഭ്‌മാന്‍ ഗില്‍ (Shubman Gill), ശ്രേയസ് അയ്യര്‍ (Shreyas Iyer), സൂര്യകുമാര്‍ യാദവ് (Suryakumar Yadav), കെഎല്‍ രാഹുല്‍ (KL Rahul) മുഹമ്മദ് ഷമി (Mohammed Shami) എന്നിവരുടെ മികവിലാണ് ജയം നേടി പരമ്പര പിടിച്ചത്.
എന്നാല്‍, മൂന്നാം മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് അടി തെറ്റി. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 66 റണ്‍സിനാണ് കങ്കാരുപ്പട ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 286 റണ്‍സില്‍ അവസാനിക്കുകയായിരുന്നു (India vs Australia 3rd ODI Match Result). മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര തകര്‍ന്നതായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
മത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്‌ത ഇന്ത്യയ്‌ക്ക് വേണ്ടി സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. അലക്‌സ് കാരി (Alex Carey), ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell), മാര്‍നസ് ലബുഷെയ്‌ന്‍ (Marnus Labuschagne) എന്നിവരായിരുന്നു ബുംറയുടെ ഇരകള്‍. അതേസമയം മത്സരത്തില്‍, പത്ത് ഓവര്‍ പന്തെറിഞ്ഞ താരം 81 റണ്‍സ് വഴങ്ങിയെന്നത് ലോകകപ്പ് അടുത്തിരിക്കെ ആരാധകരെയും ആശങ്കയിലാഴ്‌ത്തുന്ന കാര്യമാണ്.