കൊളംബോ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് (Axar Patel) ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). ഏഷ്യ കപ്പിന്‍റെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് 29-കാരനായ അക്‌സറിന് പരിക്കേല്‍ക്കുന്നത്. താരത്തിന്‍റെ ഇടത് തുടയിലെ പേശികള്‍ക്കായിരുന്നു പരിക്ക് പറ്റിയത്. ഇതില്‍ നിന്നും മുക്തനാവാന്‍ അക്‌സര്‍ പട്ടേലിന് ഒരാഴ്‌ചയോ അതില്‍ കൂടുതലോ വേണ്ടി വന്നേക്കുമെന്നും രോഹിത് പറഞ്ഞു (Rohit Sharma On Axar Patel Injury).
"ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പരയില്‍ പൂര്‍ണമായും അക്‌സറിന് കളിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. അവന് ചെറിയ പരിക്കുണ്ട്. അതില്‍ നിന്നും പൂര്‍ണമായി മുക്തനാവുന്നതിനായി ഒരാഴ്ചയോ പത്ത് ദിവസങ്ങളോ വേണ്ടി വരുമെന്ന് തോന്നുന്നു.
പരിക്കിന്‍റെ പുരോഗതി എന്തെന്ന് കാത്തിരുന്ന് കാണണം. കാരണം, ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ചിലര്‍ക്ക് വളരെ വേഗത്തില്‍ തന്നെ സുഖം പ്രാപിക്കാന്‍ കഴിയും. അക്‌സറിന്‍റെ കാര്യം അങ്ങനെയായിരിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവന് കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല "- രോഹിത് പറഞ്ഞു. ഏഷ്യ കപ്പ് വിജയത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത്തിന്‍റെ വാക്കുകള്‍.