ഓവല്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് നേരിയ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കെന്നിങ്‌ടണ്‍ ഓവലില്‍ നാളെ ആരംഭിക്കുന്ന മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്‌ച നടന്ന ഓപ്ഷണൽ പ്രാക്‌ടീസ് സെഷനിൽ രോഹിത് ശര്‍മയുടെ ഇടതു തള്ളവിരലിൽ പന്തു തട്ടുകയായിരുന്നു.
വിവിധ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളിൽ, പരിക്കേറ്റ വിരലില്‍ രോഹിത് ടേപ്പ് പ്രയോഗിക്കുന്നത് കാണാന്‍ കഴിയും. പരിക്കേറ്റതിന് പിന്നാലെ 36-കാരനായ രോഹിത് പരിശീലനം മതിയാക്കിയിരുന്നു. താരത്തിന്‍റെ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
അതേസമയം വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യം വച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങുന്നത്. വിരാട് കോലിക്ക് കീഴില്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ന്യൂസിലന്‍ഡിനോടായിരുന്നു അന്ന് ഇന്ത്യ തോല്‍വി വഴങ്ങിയത്.
ഇക്കുറി രോഹിത്തിന്‍റെ നേതൃത്വത്തില്‍ കയ്യകലത്തില്‍ നഷ്‌ടപ്പെട്ട കിരീടം നേടിയെടുക്കുക തന്നെയാവും ഇന്ത്യയുടെ ലക്ഷ്യം. വിരാട് കോലിയില്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ആറ് മത്സരങ്ങളിലാണ് രോഹിത് ഇന്ത്യയെ നയിച്ചത്. ഇതില്‍ നാല് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ഹോം വേദികളിലാണ് ഈ മത്സരങ്ങള്‍ നടന്നത്. ഇംഗ്ലണ്ടിലെ പുനഃക്രമീകരിച്ച മത്സരത്തില്‍ കൊവിഡും പരിക്കും വലച്ചതിനെ തുടര്‍ന്ന് താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ALSO READ: WTC Final | ഓവലില്‍ ഇന്ത്യയുടെ 'നടുവൊടിയും'; ഫൈനലില്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന റെക്കോഡുകള്‍