ഇന്‍ഡോര്‍ : ന്യൂസിലന്‍ഡിനെതിരായ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അവസാനിപ്പിച്ചത് സെഞ്ചുറിക്കായുള്ള മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്. 85 പന്തില്‍ 101 റണ്‍സടിച്ചാണ് രോഹിത് പുറത്തായത്. വെറും 41 പന്തിൽ അര്‍ധ സെഞ്ചുറി പിന്നിട്ട രോഹിത് 42 പന്തുകള്‍ കൂടിയെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു.
ഒമ്പത് ഫോറുകളും ആറ് സിക്‌സുകളുമടങ്ങുന്നതാണ് രോഹിത്തിന്‍റെ കലക്കന്‍ ഇന്നിങ്‌സ്. ഇതിന് മുന്‍പ് 2020 ജനുവരിയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു രോഹിത് ഏകദിനത്തില്‍ സെഞ്ചുറി നേടിയത്. രോഹിത്തിന്‍റെ കരിയറിലെ 30ാം ഏകദിന സെഞ്ചുറികൂടിയാണിത്.
ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും രോഹിത്തിന് കഴിഞ്ഞു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ (50), വിരാട് കോലി (46) എന്നിവരാണ് മുന്നിലുള്ളത്. 2021 സെപ്‌റ്റംബറില്‍ ഇംഗ്ലണ്ടിനെതിരെ ഓവലിലായിരുന്നു രോഹിത്തിന്‍റെ അവസാന അന്താരാഷ്‌ട്ര സെഞ്ചുറി.
രോഹിത് ദ സിക്‌സ്‌മാന്‍ : ഇന്‍ഡോറില്‍ പറത്തിയ ആറ് സിക്‌സുകളോടെ ഒരു നിര്‍ണായക നാഴികക്കല്ല് പിന്നിടാനും രോഹിത്തിന് കഴിഞ്ഞു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയെ മറികടന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 445 മത്സരങ്ങളില്‍ നിന്ന് 270 സിക്‌സുകളാണ് ജയസൂര്യ നേടിയത്.
നിലവില്‍ 241 മത്സരങ്ങളില്‍ നിന്നും 273 സിക്‌സുകളാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. 301 മത്സരങ്ങളില്‍ നിന്നും 331 സിക്‌സുകള്‍ നേടിയ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും 398 മത്സരങ്ങളില്‍ നിന്ന് 351 സിക്‌സുകള്‍ നേടിയ പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയുമാണ് പട്ടികയില്‍ ഇനി രോഹിത്തിന് മുന്നിലുള്ളത്.