സെഞ്ചൂറിയന്‍:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ് ടീം ഇന്ത്യ (South Africa vs India Test Series). സെഞ്ചൂറിയിനില്‍ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത് (South Africa vs India 1st Test). ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോല്‍വിയ്‌ക്ക് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma), സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli), സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) എന്നിവരെല്ലാം കളത്തിലേക്ക് മടങ്ങിയെത്തുന്ന മത്സരം കൂടിയാണ് ഇന്ന് ആരംഭിക്കുന്നത്.
ഇന്ത്യ വേദിയായ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമായിരുന്നു ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ പുറത്തെടുത്തത്. ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ ഏറെ നിര്‍ണായകമായതായിരുന്നു ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരു മാസത്തെ വിശ്രമത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കാനെത്തുമ്പോള്‍ കാര്യങ്ങള്‍ അന്നത്തേത് പോലെ എളുപ്പമായിരിക്കില്ലെന്നാണ് രോഹിത് ശര്‍മയുടെ അഭിപ്രായം.
ഒരു ബാറ്ററിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പിച്ചുകളാണ് ദക്ഷിണാഫ്രിക്കയില്‍ ഉള്ളതെന്നാണ് ഇന്ത്യന്‍ നായകന്‍റെ അഭിപ്രായം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്‍റെ തലേദിവസം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.
ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ നടന്ന നാല് ടെസ്റ്റ് മത്സരങ്ങളിലാണ് രോഹിത് ഇന്ത്യയ്‌ക്ക് വേണ്ടി പാഡ് അണിഞ്ഞിട്ടുള്ളത്. ഈ മത്സരങ്ങളില്‍ നിന്നും 123 റണ്‍സ് മാത്രമാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. 15.37 മാത്രമാണ് ദക്ഷിണാഫ്രിക്കയില്‍ രോഹിതിന്‍റെ ബാറ്റിങ് ശരാശരി (Rohit Sharma Test Stats In South Africa).