മുംബൈ : ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഇനി രണ്ട് മാസത്തിൽ താഴെ മാത്രമാണ് സമയമുള്ളത്. ലോകകപ്പ് അടുത്തിട്ടും ഇന്ത്യയുടെ ടീം കോമ്പിനേഷൻ ഇതുവരെ സജ്ജമാക്കാൻ ടീം മാനേജ്‌മെന്‍റിന് സാധിച്ചിട്ടില്ല. 2019 ലോകകപ്പിലെ അതേ അവസ്ഥ തന്നെയാണ് ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യയെ അലട്ടുന്നത്. ആര് നാലാം നമ്പരിൽ കളിക്കും എന്ന കാര്യത്തിൽ വർഷങ്ങളായിട്ടും കൃത്യമായൊരുത്തരം കണ്ടെത്താൻ ഇന്ത്യക്കായിട്ടില്ല.
ഇപ്പോൾ അക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഏകദിന ടീമിൽ നാലാം നമ്പറിൽ ഒരു ബാറ്ററെ കണ്ടെത്തുക എന്നത് ടീം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്നാണ് രോഹിത് ശർമ വ്യക്‌തമാക്കിയിരിക്കുന്നത്. യുവരാജ് സിങ് വിരമിച്ചതിന് ശേഷം ടീമിലെത്തിയ ഒരു താരത്തിനും നാലാം നമ്പരിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞിട്ടില്ലെന്നാണ് രോഹിത് വ്യക്‌തമാക്കിയിരിക്കുന്നത്.
'നാലാം നമ്പർ വളരെക്കാലമായി ഞങ്ങൾക്ക് മുന്നിൽ ഒരു പ്രശ്‌നമായി നിലനിൽക്കുന്നുണ്ട്. യുവിക്ക് ശേഷം ആ സ്ഥാനത്ത് സ്ഥിരസാന്നിധ്യമാകാൻ ആർക്കും സാധിച്ചിട്ടില്ല. പക്ഷേ വളരെക്കാലമായി ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുന്നത് നാലാം നമ്പറിലാണ്. ആ പൊസിഷനിൽ അവൻ നല്ല പ്രകടനം തന്നെ പുറത്തെടുത്തു. അവന്‍റെ കണക്കുകളും മികച്ചതാണ്.
എന്നാൽ നിർഭാഗ്യവശാൽ പരിക്കുകൾ അവനെ അൽപ്പം ബുദ്ധിമുട്ടിച്ചു. അവൻ കുറച്ചുകാലമായി ടീമിന് പുറത്താണ്. സത്യസന്ധമായി പറഞ്ഞാൽ കഴിഞ്ഞ 4-5 വർഷങ്ങളായി ടീമിൽ ഇത് തന്നെയാണ് സംഭവിക്കുന്നത്. നാലാം നമ്പറിൽ എത്തിയ പല താരങ്ങൾക്കും പരിക്കേറ്റു. ഒരോ തവണയും പുതിയ താരങ്ങൾ വന്ന് കളിക്കുന്നതാണ് നിങ്ങൾ കാണുന്നത്', രോഹിത് പറഞ്ഞു.