കേരളം

kerala

ETV Bharat / sports

ലോക ക്രിക്കറ്റിലെ ഒരേയൊരു 'ഹിറ്റ്‌മാന്‍'; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഇന്ന് പിറന്നാള്‍

1987 ഏപ്രില്‍ 30ന് ജനിച്ച രോഹിത് ശര്‍മ്മ ഇന്ന് തന്‍റെ 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

rohit sharma  rohit sharma birthday  happy birthday rohit sharma  Rohit Sharma age  Rohit Sharma Birth Year  രോഹിത് ശര്‍മ്മ  രോഹിത് ശര്‍മ്മ പിറന്നാള്‍  രോഹിത് ശര്‍മ്മ ജന്മദിനം  രേഹിത് ശര്‍മ്മ ബര്‍ത്ത്ഡേ  രോഹിത് ശര്‍മ്മ വയസ്
ROHIT SHARMA

By

Published : Apr 30, 2023, 10:07 AM IST

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ഗുരുനാഥ് ശര്‍മ്മയ്‌ക്ക് ഇന്ന് 36-ാം ജന്മദിനം. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറിയടിച്ച് കൂട്ടിയ താരം. ക്രീസില്‍ നിലയുറപ്പിച്ചാല്‍ വമ്പന്‍ സ്‌കോറുകള്‍ അടിച്ചെടുക്കാന്‍ ശേഷിയുള്ള 'ഹിറ്റ്മാന്‍'.

വിരാട് കോലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ്മ 2007ല്‍ ഒരു ഓഫ്‌ സ്‌പിന്നറായാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം നടത്തുന്നത്. തുടക്കകാലത്ത് പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താന്‍ രോഹിതിനായിരുന്നില്ല. ഇതിന് അക്കാലത്ത് നിരവധി തവണയാണ് രോഹിത് പഴി കേള്‍ക്കേണ്ടി വന്നത്.

രോഹിത് ശര്‍മ്മ

2007ല്‍ ആദ്യത്തെ ടി20 ലോക കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു രോഹിത്. ബാറ്റിങ്ങില്‍ അക്കാലത്ത് നടത്തിയ ചെറിയ മിന്നലാട്ടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ പ്രകടനങ്ങളൊന്നും നടത്താന്‍ രോഹിതിനായിരുന്നില്ല. ഇതോടെ ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്‌ടവുമായി.

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ ഇടം നേടാന്‍ രോഹിത് ശര്‍മ്മയ്‌ക്കായിരുന്നില്ല. ഇതേ തുടര്‍ന്ന് ഒരു മാസത്തോളം രോഹിത് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗമായ ജെര്‍മിയ റോഡ്രിഗസ് വെളിപ്പെടുത്തിയിരുന്നു. അവിടെ നിന്നാണ് രോഹിത് ഗുരുനാഥ് ശര്‍മ്മ എന്ന ക്രിക്കറ്റര്‍ അപ്പാടെ മാറിയത്.

'ഹിറ്റ്‌മാന്‍' ആയ സാധാരണ മനുഷ്യന്‍ :വര്‍ഷം 2013, നായകന്‍ മഹേന്ദ്രസിങ് ധോണി രോഹിത് ശര്‍മ്മയെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഓപ്പണര്‍ ബാറ്ററായി ശിഖര്‍ ധവാനൊപ്പം ക്രീസിലേക്കിറക്കി വിട്ടു. രോഹിതിന്‍റെ പുതിയൊരു അവതാരത്തെയായിരുന്നു പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. ഗ്രൗണ്ട് ഷോട്ടുകള്‍ കളിച്ച് പതിയെ റണ്‍സുയര്‍ത്തിയിരുന്ന താരം തുടക്കം മുതല്‍ തന്നെ ബോളര്‍മാരെ കടന്നാക്രമിച്ചു.

രോഹിത് ശര്‍മ്മ

ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ഷോട്ട് ബോളുകള്‍ക്ക് പുള്‍ഷോട്ടിലൂടെ രോഹിത് മറുപടി നല്‍കി. ബൗണ്‍സര്‍ എറിയാന്‍ ബോളര്‍മാരെ രണ്ടാമതും ചിന്തിപ്പിച്ചു. ഇന്ത്യന്‍ ഓപ്പണര്‍ ബാറ്ററുടെ വേഷമണിഞ്ഞ ആദ്യ ടൂര്‍ണമെന്‍റില്‍ തന്നെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കി നായകന്‍ തന്നിലേല്‍പ്പിച്ച വിശ്വാസം കാക്കാന്‍ രോഹിതിനായി.

അവിടെ നിന്നും പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് 'അലസനായ' രോഹിത് ശര്‍മ്മ 'ഹിറ്റ്‌മാന്‍' ആയി മാറുന്ന കാഴ്‌ചയാണ്. ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സെവാഗും മാത്രം നേടിയിട്ടുള്ള ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി രോഹിത്. എന്നാല്‍ മറ്റ് താരങ്ങള്‍ ഒരു തവണ മാത്രം നേടിയ ഡബിള്‍ സെഞ്ച്വറി മൂന്ന് പ്രാവശ്യമാണ് രോഹിതിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

2013ല്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഹിറ്റ്‌മാന്‍ രോഹിതിന്‍റെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി. തൊട്ടടുത്ത വര്‍ഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് അടിച്ചുകൂട്ടിയത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ തന്നെയായിരുന്നു മൂന്നാം ഡബിള്‍ സെഞ്ച്വറിയും.

രോഹിത് ശര്‍മ്മ

വെള്ളക്കുപ്പായത്തിലും നിറഞ്ഞാടി :2007ല്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ രോഹിത് ശര്‍മ്മ 2013ലാണ് ആദ്യമായി ടെസ്റ്റ് ജഴ്‌സിയണിയുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരത്തിന്‍റെ വിരമിക്കല്‍ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടുകൊണ്ടായിരുന്നു താരം ചുവന്ന പന്തില്‍ റണ്‍വേട്ട തുടങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ മിഡില്‍ ഓര്‍ഡറില്‍ ക്രീസിലെത്തിയ രോഹിതിന്‍റെ ബാറ്റില്‍ നിന്നും പിറന്നത് 177 റണ്‍സാണ്.

അന്ന് ലഭിച്ച മികച്ച തുടക്കം പിന്നീടുള്ള മത്സരങ്ങളില്‍ രോഹിതിന് ആവര്‍ത്തിക്കാനായില്ല. റെഡ്‌ബോളിന്‍റെ വേഗവും മൂവ്‌മെന്‍റും രോഹിതിന് മനസിലാക്കാന്‍ ബുദ്ധിമുട്ടായി. പിന്നീട് ടെസ്റ്റ് ടീമിലും അവസരങ്ങള്‍ കുറഞ്ഞു.

രോഹിത് ശര്‍മ്മ

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് രോഹിത് ശര്‍മ്മയ്‌ക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് വിമര്‍ശകര്‍ വിധിയെഴുതി. അവരുടെയെല്ലാം വായടപ്പിച്ചുകൊണ്ട് 2019ല്‍ ഓപ്പണറായി തന്നെ രോഹിത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. മടങ്ങി വരവില്‍ ദക്ഷിണാഫ്രിക്കയെ രോഹിത് തല്ലിക്കൊന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഹിറ്റ്മാന്‍ അന്നടിച്ചെടുത്തത് 529 റണ്‍സ്. പിന്നീട് ടെസ്റ്റിലും രോഹിതിന്‍റെ സംഹാരതാണ്ഡവം.

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ ചുമലിലേറ്റി, ഒടുവില്‍ കണ്ണീര്‍ പൊഴിച്ചു:2019ലെ ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയത് ഡ്രസിങ് റൂമിലിരുന്ന് നിറകണ്ണുകളോടെയാണ് രോഹിത് ശര്‍മ്മ കണ്ടത്. തന്‍റെ ടീമിനായി അന്ന് ചെയ്യാന്‍ പറ്റുന്നതെല്ലാം രോഹിത് ചെയ്‌തിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങളെ ഒറ്റയ്‌ക്ക് തോളിലേറ്റിയത് രോഹിത് ശര്‍മ്മയായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 648 റണ്‍സായിരുന്നു ഹിറ്റ്‌മാന്‍ അന്ന് അടിച്ചുകൂട്ടിയത്. അഞ്ച് സെഞ്ച്വറിയും ലോകകപ്പില്‍ രോഹിത് നേടി.

കുട്ടി ക്രിക്കറ്റിലും ഹീറോ:ടി20 ക്രിക്കറ്റിലും രോഹിതിന്‍റെ പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് നിലവില്‍ രോഹിത്. കുട്ടിക്രിക്കറ്റില്‍ നാല് സെഞ്ച്വറികളുടെയും ഉടമ കൂടിയാണ് താരം.

രോഹിത് ശര്‍മ്മ

ക്യാപ്‌റ്റന്‍ 'രോ 45' :ഐപിഎല്ലില്‍ എക്കാലത്തേയും മികച്ച നായകന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനാണ് രോഹിത് ശര്‍മ്മ. രോഹിതിന് കീഴില്‍ അഞ്ച് തവണയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ഉയര്‍ത്തിയിട്ടുള്ളത്. 2013ല്‍ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്ത ആദ്യ വര്‍ഷം തന്നെ മുംബൈക്ക് കപ്പ് നേടിക്കൊടുക്കാന്‍ രോഹിത്തെന്ന നായകനായി.

പിന്നീട് നാല് പ്രാവശ്യമാണ് രോഹിതിന് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടിയത്. ഇതിനെല്ലാം ശേഷമായിരുന്നു ഇന്ത്യന്‍ നായകനായും രോഹിതിന്‍റെ വരവ്. വൈസ്‌ ക്യാപ്‌റ്റനായിരുന്ന രോഹിത് ശര്‍മ്മ 2021ലാണ് ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ നായകനായുള്ള ചുമതല ഏറ്റെടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം ടെസ്റ്റ് ടീമിന്‍റെ നായകനായും രോഹിത് മാറി.

'ഹാപ്പി ബര്‍ത്ത് ഡേ' രോഹിത് :കരിയറിന്‍റെ തുടക്കത്തില്‍ അലസന്‍, സ്ഥിരതയില്ലാത്തവന്‍, സാങ്കേതിക തികവോടെ ബാറ്റ് ചെയ്യാന്‍ അറിയാത്തവന്‍ എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങളാണ് രോഹിതിനെ തേടിയെത്തിയത്. എന്നാല്‍ പില്‍ക്കാലത്ത് അതിനെല്ലാം തന്‍റെ ബാറ്റ് കൊണ്ട് തന്നെ മറുപടി നല്‍കാന്‍ രോഹിത് ഗുരുനാഥ് ശര്‍മ്മയ്‌ക്കായിട്ടുണ്ട്. പൂജ്യത്തില്‍ നിന്നും തുടങ്ങി ഉന്നതങ്ങളിലേക്ക് ഉയര്‍ന്ന ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയ്‌ക്ക് ജന്മദിനാശംസകള്‍...

ABOUT THE AUTHOR

...view details