മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ബോര്‍ഡില്‍ നടപ്പിലാക്കാന്‍ ഉദേശിക്കുന്ന തന്‍റെ അജണ്ടകള്‍ വ്യക്തമാക്കി റോജര്‍ ബിന്നി. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നേരിടുന്ന പ്രധാന ആശങ്കയാണ് താരങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന പരിക്ക്. ഇത് കുറയ്‌ക്കുന്നതിനായി ബോര്‍ഡിന് സ്വീകരിക്കാന്‍ സാധിക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.
എല്ലാത്തിന്‍റെയും അടിത്തട്ടില്‍ നിന്ന് ആരംഭിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കളിക്കാർക്ക് പതിവായി പരിക്കേൽക്കുന്നത് ഒരു ആശങ്കയാണ്. അത് എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് നോക്കും.
ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഞങ്ങള്‍ക്ക് മികച്ച ഡോക്‌ടര്‍മാരും പരിശീലകരും ഉണ്ട്. പക്ഷേ തുടര്‍ച്ചയായി താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കുപയോഗിക്കുന്ന പിച്ചുകളുടെ നിലവാരം വര്‍ധിപ്പിക്കുമെന്നും നിയുക്ത ബിസിസിഐ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പിച്ചുകളുടെ നിലവാരം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നടപ്പിലാക്കിയാല്‍ വിദേശ പര്യടനങ്ങളില്‍ ടീം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും റോജര്‍ ബിന്നി പറഞ്ഞു.
Also read: 'ബിസിസിഐ ഇപ്പോഴുളളത് മികച്ച കരങ്ങളില്‍', റോജര്‍ ബിന്നിക്ക് ആശംസകള്‍ നേര്‍ന്ന് സൗരവ് ഗാംഗുലി