മുംബൈ : ഓസ്ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് യുവതാരങ്ങളായ തിലക് വർമയേയും (Tilak Varma) റുതുരാജ് ഗെയ്‌ക്‌വാദിനേയും (Ruturaj Gaikwad) പരിഗണിച്ച സെലക്‌ടര്‍മാര്‍ മലയാളി താരം സഞ്‌ജു സാംസണെ തഴയുന്ന നടപടി വീണ്ടും അവര്‍ത്തിച്ചിരുന്നു. 2021-ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ സഞ്‌ജുവിന് ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണുള്ളത്. എന്നാല്‍ ടീമിന് അകത്തും പുറത്തുമായാണ് ഇപ്പോഴും സഞ്‌ജുവിന്‍റെ സ്ഥാനം.
സഞ്‌ജുവിനെ നിരന്തരം പുറത്തിരുത്തുന്ന സെലക്‌ടര്‍മാരുടെ നടപടിയെ വിമര്‍ശിച്ച് ആരാധകരോടൊപ്പം വിദഗ്‌ധരും മുന്‍ താരങ്ങളുമടക്കം രംഗത്ത് എത്താറുണ്ടെങ്കിലും യാതൊരു ഫലവുമില്ലെന്നാണ് നിലവിലെ തീരുമാനം വീണ്ടും തെളിയിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ തുറന്നടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ (Robin Uthappa on Sanju Samson's exclusion from India squad).
സഞ്‌ജുവിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഒരാളും ആഗ്രഹിക്കുന്നില്ലെന്നാണ് റോബിന്‍ ഉത്തപ്പ (Robin Uthappa) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മറ്റൊരു പോസ്റ്റും എക്‌സില്‍ ഉത്തപ്പ ഇട്ടിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്ന താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ലെങ്കിലും സ്‌ക്വാഡില്‍ പോലും ഇടം ലഭിക്കാതിരുന്നത് നിരാശാജനകമാണെന്നാണ് ഉത്തപ്പ ഈ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
"സ്‌ക്വാഡിലുണ്ടായിരുന്നാലും പ്ലെയിങ് ഇലവനില്‍ സഞ്‌ജുവിന് അവസരം ലഭിക്കില്ല എന്നായിരിക്കും ഒഴിവാക്കുന്നതിനുള്ള അവരുടെ ന്യായീകരണം. എന്നാൽ സ്ക്വാഡിൽ പോലും ഇല്ലാതിരിക്കുന്നത് തീര്‍ത്തും നിരാശാജനകമാണ്" - ഉത്തപ്പ കുറിച്ചു. സഞ്ജുവിന്‍റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ കടുത്ത നിരാശ തോന്നിയേനെ എന്ന് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ നേരത്തെ എക്‌സില്‍ പോസ്റ്റിട്ടിരുന്നു.