റായ്‌പൂര്‍: രഞ്‌ജി ട്രോഫിയില്‍ ഛത്തീസ്‌ഗഢിനെതിരെ വെട്ടിക്കെട്ട് പ്രകടനവുമായി അസം നായകന്‍ റിയാന്‍ പരാഗ്. ആദ്യ ഇന്നിങ്‌സില്‍ ഒറ്റയക്കത്തിന് പുറത്തായ റിയാന്‍ പരാഗ് രണ്ടാം ഇന്നിങ്‌സിലാണ് ഛത്തീസ്‌ഗഢ് ബോളര്‍മാര്‍ക്കെതിരെ ഫോര്‍മാറ്റ് 'മറന്ന്' പരാക്രമം നടത്തിയത്. 87 പന്തുകളില്‍ 155 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. 56 പന്തുകളില്‍ റിയാന്‍ സെഞ്ചുറി തികച്ചിരുന്നു.
11 ബൗണ്ടറികളും 12 സിക്‌സറുകളുമാണ് 22-കാരന്‍റെ ഇന്നിങ്‌സിന് അഴകായത്. 178.16 സ്‌ട്രേക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം. ഫോളോ ഓണ്‍ ചെയ്യപ്പെട്ട അസമിനായി സഹതാരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴായിരുന്നു നായകന്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ അടുത്തിരിക്കെ താരത്തിന്‍റെ പ്രകടനം മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാന്‍ റോയല്‍സിന് വലിയ സന്തോഷം നല്‍കുന്നതാണ്.
നേരത്തെ നിരന്തരം പരാജയപ്പെട്ടിട്ടും റിയാന്‍ പരാഗിനെ മലയാളി താരം സഞ്‌ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ ചേര്‍ത്തുപിടിച്ചിരുന്നു. പന്തുകൊണ്ടും ടീമിന് ഉപകാരപ്പെടുന്ന റിയാന്‍ ഫീല്‍ഡിങ്ങില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന താരമാണ്. ഇതോടെ ഇത്തവണ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്കും വൈകാതെ തന്നെ റിയാന് വിളിയെത്തിയേക്കും.
കഴിഞ്ഞ വര്‍ഷാവസാനത്തില്‍ നടന്ന സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ താരത്തിന്‍റെ പ്രകടനം ഇതിന് അടിവരയിടുന്നതാണ്. ടൂര്‍ണമെന്‍റില്‍ തിളക്കമാര്‍ന്ന പ്രകടനമായിരുന്നു റിയാന്‍ പരാഗ് നടത്തിയത്. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറിനേടിയ താരം ലോക റെക്കോഡ് ഇടുകയും ചെയ്‌തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെ സഞ്‌ജുവിനെ സാക്ഷിയാക്കിക്കൊണ്ട് അര്‍ധ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു 22-കാരന്‍ ലോക റെക്കോഡ് പോക്കറ്റിലാക്കിയത്.