മുംബൈ: കാര്‍ അപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. തന്‍റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് വ്യക്തമാക്കി 25കാരനായ പന്ത് ട്വീറ്റ് ചെയ്‌തു. എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി പറയുന്നു.
തിരിച്ചുവരവിലേക്കുള്ള പാതയിലാണ്. മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാന്‍ താന്‍ തയ്യാറാണെന്നും പന്ത് കുറിച്ചു. കൂടാതെ ബിസിസിഐ, സെക്രട്ടറി ജയ് ഷാ, സര്‍ക്കാര്‍ അധികാരികള്‍ക്കും പന്ത് നന്ദി അറിയിച്ചിട്ടുണ്ട്.
നിലവില്‍ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലാണ് താരം. അപകടത്തില്‍ പരിക്കേറ്റ വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും ശസ്ത്രക്രിയ വേണമെന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് രണ്ട് ഘട്ടങ്ങളിലായി വിജയകരമായി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്ത് അപകടത്തില്‍ പെടുന്നത്. താരം സഞ്ചരിച്ചിരുന്ന ആഢംബര കാര്‍ മാംഗല്ലൂരില്‍വച്ച് ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. പന്ത് തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്.
റോഡിലെ കുഴിയോ കറുത്ത മറ്റെന്തോ വസ്‌തുവോ ആണ് അപകടത്തിന് കാരണമെന്ന് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് പറഞ്ഞതായാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്.
അതേസമയം പരിക്ക് മാറി താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ ഏകദേശം ഒരുവര്‍ഷത്തോളം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഒക്ടോബറിലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍ പന്തിന് നഷ്‌ടമാകും.
ALSO READ:പരിശ്രമങ്ങള്‍ തുടരും, ബാക്കിയുള്ളത് വിധി തീരുമാനിക്കട്ടെ : സര്‍ഫറാസ് ഖാന്‍