കേരളം

kerala

ETV Bharat / sports

Rishabh Pant Birthday 'ലോക കിരീടം തേടിയിറങ്ങുന്ന ഇന്ത്യയുടെ നഷ്‌ടം'... റിഷഭ് പന്തിന് പിറന്നാൾ ആശംസകൾ - Indian Cricket team

Rishabh Pant Birthday ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ്‌ പന്തിന് ഇന്ന് 26-ാം പിറന്നാള്‍......

Rishabh Pant Birthday  Rishabh Pant  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് പിറന്നാള്‍  Indian Cricket team  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Rishabh Pant Birthday Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 4, 2023, 3:13 PM IST

Updated : Oct 4, 2023, 4:08 PM IST

ഹൈദരാബാദ്:ഏകദിന ലോകകപ്പിന് (Cricket World Cup 2023) അരങ്ങുണരുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ്‌ പന്തിനെയായിരിക്കും (Rishabh Pant) ഇന്ത്യന്‍ ടീമും ആരാധകരും ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുക. ഫിറ്റായിരുന്നുവെങ്കില്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉറപ്പായിരുന്ന താരമായിരുന്നു റിഷഭ്‌ പന്ത്. ഇതിഹാസ താരം എംഎസ്‌ ധോണിക്ക് ശേഷം ഒരു വിക്കറ്റ് കീപ്പര്‍ക്കായും ടീമിന്‍റെ മധ്യനിരയിലേക്ക് ഒരു ഇടങ്കയ്യന്‍ ബാറ്റര്‍ക്കുമായുള്ള അന്വേഷണമായിരുന്നു പന്തിലെത്തി നിന്നത്.

തുടക്കത്തില്‍ അമിതാവേശത്തിന് വലിയ വിമര്‍ശനങ്ങേറ്റു വാങ്ങേണ്ടി വന്നെങ്കിലും പതിയെ ഇന്ത്യൻ മധ്യനിരയില്‍ ഏറ്റവും വിശ്വസ്‌തനായി മാറാന്‍ പന്തിന് കഴിഞ്ഞിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്നും നിരവധിയായ മത്സരങ്ങളില്‍ ഏറെക്കുറെ ഒറ്റയാള്‍ പ്രകടനങ്ങളിലുടെ താരം ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ഈ മികവ് പന്തിന് ആരാധകരുടെ ഹൃദയങ്ങളില്‍ നല്‍കിയ ഇടം ചെറുതല്ല. പലര്‍ക്കും മുട്ടിടിക്കുന്ന വിദേശ മണ്ണുകളിലാണ് പന്തിന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലധികവും എന്നത് കൂടുതല്‍ തിളക്കമാർന്ന കാര്യമാണ്.

2017-ല്‍ അന്തരാഷ്‌ട്ര ക്രിക്കറ്റില്‍ വരവ് പ്രഖ്യാപിച്ച പന്തിന്‍റെ മികവില്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പലകുറിയാണ് ഇന്ത്യ ഇതിഹാസം രചിച്ചത്. 2018-ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലിലും ഓസ്‌ട്രേലിയയ്‌ക്ക് എതിരെ 2019-ല്‍ സിഡ്‌നിയിലും 2021-ല്‍ സിഡ്‌നിയിലും ഗാബയിലും പന്ത് നടത്തിയ പോരാട്ടങ്ങള്‍ എന്നും ആരാധകര്‍ക്ക് രോമാഞ്ചം തീര്‍ക്കും. തുടര്‍ന്നും ഇന്ത്യയ്‌ക്കായി തന്‍റെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ പന്തിന് കഴിഞ്ഞിട്ടുണ്ട്. വിക്കറ്റിന് പിന്നിലേയും പന്തിന്‍റെ മിന്നല്‍ പ്രകടങ്ങള്‍ എടുത്തുപറയേണ്ടതാണ്.

റിഷഭ്‌ പന്ത്

ആ അപകടം ഇല്ലായിരുന്നെങ്കില്‍:കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സംഭവിച്ച കാര്‍ അപകടമാണ് റിഷഭ്‌ പന്തിനെ ലോകകപ്പില്‍ നിന്നുള്‍പ്പെടെ പുറത്തിരുത്തിയത്. 2022 ഡിസംബർ 30-ന് പുലര്‍ച്ചെ ഡൽഹി - ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് താരത്തിന്‍റെ ആഡംബര കാർ അപകടത്തില്‍പ്പെടുന്നത്. അമ്മയ്‌ക്ക് ന്യൂയര്‍ സര്‍പ്രൈസ് നല്‍കാനുള്ള യാത്രയ്‌ക്കാണ് ദുരന്തത്തില്‍ അവസാനിച്ചത്. ഡിവൈഡറില്‍ ഇടിച്ച് കയറി തീ പിടിച്ച കാറില്‍ നിന്നും ഏറെ അത്ഭുതകരമായി ആയിരുന്നു താരത്തിന്‍റെ രക്ഷപ്പെടല്‍. തുടര്‍ന്ന് നിരവധിയായ ചികിത്സയ്‌ക്ക് ശേഷം തിരിച്ചുവരവിന്‍റെ പാതയിലാണ് നിലവില്‍ പന്തുള്ളത്.

പന്തില്ലാത്ത ഇന്ത്യ: റിഷഭ്‌ പന്തിന്‍റെ അപകടം വലിയ രീതിയിലാണ് ഇന്ത്യന്‍ ടീമിനെ (Indian Cricket team) ബാധിച്ചത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും മധ്യനിരയിലേക്കും പകരക്കാര്‍ക്കായി നിരവധിയായ താരങ്ങളെയാണ് മാനേജ്‌മെന്‍റിന് പരീക്ഷിക്കേണ്ടി വന്നത്. എന്നാല്‍ പന്തിനൊളം പോന്ന ആരെയും ഇതേവരെ മാനേജ്‌മെന്‍റിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതിന്‍റെ ഭാഗമായാണ് നിലവില്‍ ഇന്ത്യയുടെ മധ്യനിരയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും പാര്‍ടൈം വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലിന് ലോകകപ്പില്‍ ഗ്ലൗ നല്‍കേണ്ടി വന്നതും. ലോകകപ്പ് അരങ്ങുണരുന്നതിന്‍റെ തലേദിവസമായ ഇന്ന് പന്തിന്‍റെ ജന്മദിനം (Rishabh Pant Birthday) കൂടിയാണ്. 26-ാം പിറന്നാള്‍ ആഘോഷിക്കുന്ന പന്തിന് എല്ലാവിധ ആശംസകളും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെയാവും താരം മടങ്ങിയെത്തുക. തിരിച്ചുവരവില്‍ ഇന്ത്യയ്‌ക്കായി തന്‍റെ മിന്നും പ്രകടനങ്ങള്‍ പന്ത് തുടരട്ടെ.....

ALSO READ: Ishan Kishan Cricket World Cup 2023 'എന്തിനും റെഡിയാണ് ഇഷാൻ'... അച്ഛന്‍ പ്രണവ് പാണ്ഡെ ഇടിവി ഭാരതിനോട്...

Last Updated : Oct 4, 2023, 4:08 PM IST

ABOUT THE AUTHOR

...view details