ദുബായ്: താൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് സാങ്കേതികമായി ഏറ്റവും മികച്ച ബാറ്റര്‍ സച്ചിൻ ടെണ്ടുൽക്കറാണെന്ന് ഓസ്‌ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ബോളര്‍മാര്‍ ഏതു തരത്തിലുള്ള പന്തുകള്‍ എറിഞ്ഞാലും അതു നേരിടാന്‍ എല്ലായ്‌പ്പോഴും സച്ചിന് വഴി കണ്ടെത്താറുണ്ടെന്നും പോണ്ടിങ് പറഞ്ഞു. ഐസിസി റിവ്യൂവിലാണ് പോണ്ടിങ്ങിന്‍റെ വാക്കുകള്‍.
"എല്ലാവരും വ്യത്യസ്‌തരാണ്, എല്ലാവരും വ്യത്യസ്‌തമായ രീതിയിലുമാണ് കളിക്കുന്നത്. കളിക്കാരെ റാങ്ക് ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ തീർച്ചയായും ഞാൻ കളിച്ച തലമുറയിലെ, ഒപ്പം കളിച്ചവരിലും അല്ലെങ്കില്‍ എതിരെ കളിച്ചവരിലും വച്ച് കണ്ടിട്ടുള്ളതിൽ സാങ്കേതികമായി ഏറ്റവും മികച്ച ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.
ഒരു ബോളിങ് ഗ്രൂപ്പെന്ന നിലയിൽ ഞങ്ങൾ കൊണ്ടുവന്ന പ്ലാൻ എന്തുതന്നെയായാലും, ഇന്ത്യയിലായാലും ഓസ്‌ട്രേലിയയിലായാലും അതിനെ ചെറുക്കാനുള്ള വഴി അദ്ദേഹം കണ്ടെത്തും", സച്ചിന്‍റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് ഐസിസി റിവ്യൂവിൽ പോണ്ടിങ് പറഞ്ഞു.
വിരാട് കോലി-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ താരതമ്യത്തിന് പോണ്ടിങ് തയ്യാറായില്ല. ഇരുവരും തമ്മിലുള്ള ന്യായമായ താരതമ്യത്തിനായി വിരാട് തന്‍റെ അന്താരാഷ്‌ട്ര കരിയര്‍ അവസാനിക്കും വരെ കാത്തിരിക്കുമെന്നാണ് ഓസീസിന്‍റെ മുന്‍ നായകന്‍ പറഞ്ഞത്. ഇരുവരും വ്യത്യസ്‌ത സയമങ്ങളിലാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കാലത്തെ കൂടി താരതമ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
"സച്ചിന്‍റെ കരിയറിന്‍റെ അവസാനത്തില്‍ വിരാടും കുറച്ച് ഒപ്പം കളിച്ചിട്ടുണ്ടെന്ന കാര്യം എനിക്കറിയാം. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ഏറെ മാറിയിട്ടുണ്ട്. ഒതൊരല്‍പ്പം വ്യത്യസ്‌തമായ ഗെയിമാണ്.