കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‍റെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് രജത് പടിദാര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ സെഞ്ചുറി പ്രകടനം നടത്തിയാണ് 28കാരനായ മധ്യപ്രദേശുകാരന്‍ ബാംഗ്ലൂരിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഇതോടെ ഐപിഎല്‍ പ്ലേ ഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്പ്ഡ് താരമെന്ന അപൂര്‍വ റെക്കോഡും താരം സ്വന്തമാക്കി.
ലഖ്‌നൗ ബൗളര്‍മാരെ കടന്നാക്രമിച്ച താരം 54 പന്തില്‍ 12 ഫോറും ഏഴു സിക്‌സും സഹിതം 112 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. ഐപിഎല്‍ നോക്കൗട്ടില്‍ ഒരു അണ്‍ക്യാപ്പ്ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. കൊല്‍ക്കത്ത താരമായിരുന്ന മനീഷ് പാണ്ഡെ നേടിയ 94 റണ്‍സിനെയാണ് പടിദാര്‍ മറികടന്നത്.
പേസ് ബൗളറായി ആരംഭിച്ച കരിയറില്‍ തന്‍റെ 15ാം വയസ് മുതല്‍ക്കാണ് രജത് ബാറ്റിങ്ങിലേക്ക് ചുവടുമാറിയത്. മധ്യപ്രദേശിനായി 2015ല്‍ ഫസ്റ്റ്‌ക്ലാസ് അരങ്ങേറ്റംനടത്തിയ താരം 2019ലെ രഞ്‌ജി ട്രോഫിയിലൂടെയാണ് ശ്രദ്ധ പിടിച്ച് പറ്റുന്നത്. അന്ന് എട്ട് മത്സരങ്ങളില്‍ നിന്നും 713 റണ്‍സ് അടിച്ചുകൂട്ടിയ രജത് ടീമിന്‍റെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ സീസണിലാണ് ബാംഗ്ലൂരിലൂടെ തന്നെ ഐപിഎല്ലിലെത്തുന്നത്. സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നും വെറും 77 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോട ഇത്തവണത്തെ മെഗാലേലത്തില്‍ ബാംഗ്ലൂര്‍ പോലും രജതിനെ കയ്യൊഴിഞ്ഞിരുന്നു.