റാവൽപിണ്ടി: പാകിസ്ഥാൻ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാവും. മൂന്ന് മത്സരങ്ങളാണ് ബെനാദ് - ഖാദിർ ട്രോഫി പരമ്പരയിലുള്ളത്. 24 വർഷത്തിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ പാകിസ്ഥാനിൽ ടെസ്റ്റ് മത്സരം കളിക്കുന്നു എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്.
ഇതിഹാസ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ റിച്ചി ബെനാദ്, പാകിസ്ഥാൻ ലെഗ് സ്‌പിന്നർ അബ്‌ദുൾ ഖാദർ എന്നിവരുടെ പേരിലാണ് സീരീസിന് ബെനാദ്-ഖാദിർ സീരീസ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1998ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ സന്ദർശനം. ഇത്തവണ ആതിഥേയർക്കെതിരെ കംഗാരുക്കൾ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ടി20 മത്സരവും കളിക്കും.
ഒരിടവേളയ്ക്ക് ശേഷം പാകിസ്ഥാൻ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചത് മുതൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് റാവൽപിണ്ടിയിൽ നടന്നത്. 4-0ന് ആഷസ് നിലനിർത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സംഘവും മികച്ച ഫോമിലാണ്. എന്നാൽ 2016 ലെ ന്യൂസിലൻഡ് പര്യടനത്തിന് ശേഷം ഓസ്‌ട്രേലിയ ഒരു ടെസ്റ്റ് പരമ്പരയും വിദേശത്ത് നേടിയിട്ടില്ല. ടീം മികച്ച ഫാസ്റ്റ് ബൗളർമാരെക്കൊണ്ട് സമ്പന്നമാണ്. എന്നാൽ പാക്കിസ്ഥാനിലെ കുത്തിതിരിയുന്ന പിച്ചിൽ വിക്കറ്റ് നേടണമെങ്കിൽ ലൈനപ്പിൽ രണ്ടോ അതിലധികമോ സ്‌പിന്നർമാരെ കളിപ്പിക്കേണ്ടി വരും.
ഓസ്‌ട്രേലിയക്ക് പരിചയസമ്പന്നരായ ബാറ്റിംഗ് ലൈനപ്പ് ഉണ്ട്. എന്നാൽ പാകിസ്ഥാനിലെ മത്സരപരിചയത്തിലെ കുറവ് ഡേവിഡ് വാർണർ, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് തുടങ്ങിയവർക്ക് വെല്ലുവിളി ഉയർത്തും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്കിനും ജോഷ് ഹേസൽവുഡിനുമൊപ്പം പേസ് ആക്രമണം നയിക്കും. റാവില്‍ പിണ്ടിയില്‍ ഓഫ് സ്‌പിന്നർ നഥാൻ ലിയോണിനെ ഓസ്‌ട്രേലിയ കൂടുതലായി ആശ്രയിക്കേണ്ടി വരും.
മികച്ച ഫോമിലുള്ള ബാബർ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും പ്രകടനത്തിലാവും പാകിസ്ഥാന്‍റെ മുഴുവൻ പ്രതീക്ഷയും. പരിക്കേറ്റ പേസർ ഹസൻ അലിയെയും കൊവിഡ് പോസിറ്റീവായ ഹാരിസ് റൗഫിനെയുമടക്കം രണ്ട് പ്രധാന ബൗളർമാരെ ആതിഥേയർക്ക് നഷ്‌ടമാകും. പ്രമുഖ പേസർമാരില്ലാതെ കളത്തിലിറങ്ങുമ്പോൾ ബംഗ്ലാദേശിനെതിരെ 16-ാം വയസിൽ ഹാട്രിക് നേടിയ നസീം ഷായെ ഉൾപ്പെടുത്തിയേക്കും.