ചെന്നൈ :ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനാണെങ്കിലും ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ ആര്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. ലണ്ടനിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തിലെ കനത്ത തോല്‍വി ഇതിന്‍റെ വിലയാണെന്നാണ് പൊതുവെ വിമര്‍ശനമുള്ളത്.
അശ്വിനെ ഒഴിവാക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും മാനേജ്‌മെന്‍റിന്‍റേയും തീരുമാനം തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിലവിലെയും മുൻ താരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തില്‍ കളിക്കാന്‍ കഴിയാതിരുന്നത് അശ്വിനെ മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു. ഇക്കാര്യം തുറന്ന് പറഞ്ഞ താരത്തോട് വിഷമഘട്ടത്തില്‍ നിന്നും കരകയറാന്‍ ടീമിലെ സഹതാരങ്ങളുടെ സഹായം തേടിയിരുന്നുവോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ഏറെ നിരാശാജനകമായ മറുപടിയായിരുന്നു അശ്വിന്‍ നല്‍കിയത്.
ഇന്നത്തെ കാലത്ത് ടീമംഗങ്ങൾ സഹപ്രവർത്തകരാണെന്നും സ്ഥാനങ്ങൾക്കായുള്ള മത്സരം കാരണം സുഹൃത്തുക്കളല്ലെന്നുമാണ് അശ്വിന്‍ പറഞ്ഞത്. "ടീമിലെ എല്ലാവരും സഹപ്രവർത്തകരായ ഒരു കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ, ടീമിലുള്ള എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളായിരുന്നു. പക്ഷേ, ഇന്ന് അവരെല്ലാം വെറും സഹപ്രവർത്തകർ മാത്രമാണ്.
ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കാരണം നമ്മുടെ ഇടത്തോ വലത്തോ ഇരിക്കുന്ന ആളുകളെ ആരും പരിഗണിക്കുന്നില്ല. മറ്റൊരു വ്യക്തിയെ മറികടന്ന് സ്വയം മുന്നേറാനും മുന്നോട്ട് കുതിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാല്‍ തന്നെ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ ഒരാള്‍ക്കും തന്നെ സമയമില്ല" - അശ്വിന്‍ പറഞ്ഞു.
സഹതാരങ്ങളുമായി കാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടുന്നത്. എന്നാല്‍ ഇപ്പോൾ ഇതൊരു ഒറ്റപ്പെട്ട യാത്രയായി മാറിയിരിക്കുകയാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. "വാസ്തവത്തിൽ, സഹതാരങ്ങള്‍ തമ്മില്‍ കാര്യങ്ങള്‍ പരസ്‌പരം പങ്കുവച്ചാല്‍ ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.