മുംബൈ:2013-ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടം ഇന്ത്യയ്‌ക്ക് കിട്ടാക്കനിയാവുകയാണ്. വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള 10 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഉറച്ചാവും ഇന്ത്യ ഇത്തവണ ഏകദിന ലോകകപ്പിനിറങ്ങുക. സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കും ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.
നല്ല രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തി ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ഒരു പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പരിശീലകനും താരവുമായിരുന്ന രവി ശാസ്‌ത്രി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാരുടെ അഭാവമുണ്ടെന്നാണ് രവി ശാസ്‌ത്രി പറയുന്നത്.
"ഇന്ത്യയെ സംബന്ധിച്ച് പ്രധാന ബാറ്റര്‍മാരിലെ ഇടങ്കയ്യന്മാരുടെ കുറവ് ഒരു വെല്ലുവിളി തന്നെയാവും. ബാറ്റര്‍മാരുടെ ഫോം ഒരു പ്രധാന ഘടകം തന്നെയാണ്. എന്നാല്‍ നിങ്ങൾ ശരിയായ ബാലൻസ് നേടേണ്ടതുണ്ട്.
ടോപ് ഓര്‍ഡറില്‍ ഒരു ഇടംകയ്യൻ ബാറ്ററുള്ളത് ഏറെ വ്യത്യാസം വരുത്തും. ഓപ്പണിങ് ആകണമെന്നില്ല, പക്ഷേ ആദ്യ മൂന്നോ നാലോ സ്ഥാനങ്ങളിൽ ഒരു ഇടങ്കയ്യന്‍ ബാറ്ററുണ്ടാവണം. ആദ്യ ആറില്‍ രണ്ട് ഇടങ്കയ്യന്‍ ബാറ്റര്‍മാരുണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്"- രവി ശാസ്‌ത്രി പറഞ്ഞു.
ഇന്ത്യ 2011-ലെ ലോകകപ്പ് വിജയത്തിൽ ഇടങ്കയ്യന്മാരായ ഗൗതം ഗംഭീർ, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവര്‍ നിർണായക പങ്കുവഹിച്ചതായും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. "ടീം മികച്ച പ്രകടനം കാഴ്ചവച്ചപ്പോഴെല്ലാം ഇടങ്കയ്യന്മാർ ഏറെ സംഭാവന ചെയ്തുവെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. 2011-ലെ ലോകകപ്പില്‍ നമുക്ക് ഗൗതം ഗംഭീറും യുവരാജ് സിങ്ങും സുരേഷ് റെയ്‌നയും ഉണ്ടായിരുന്നു. 1975, 79 ലോകകപ്പുകള്‍ നോക്കൂ.. ആൽവിൻ, റോയ് ഫ്രെഡറിക്സ്, ക്ലൈവ് ലോയിഡ് എന്നിവരുടെ പ്രകടനം വിന്‍ഡീസിന് നിര്‍ണായകമായിരുന്നു എന്നുകാണാം.
1983-ലെ ടീമിൽ ഒരു ഇടംകൈയ്യൻ ഇല്ലായിരുന്നുവെന്നത് സത്യം തന്നെ. പക്ഷേ ആ ടൂർണമെന്‍റ് മുഴുവൻ ക്രിക്കറ്റിലെ എല്ലാ കീഴ്‌വഴക്കങ്ങള്‍ക്കും എതിരായിരുന്നു. 1987-ലെ ഓസീസ് ടീമിലും ആവശ്യത്തിന് ഇടങ്കയ്യന്മാരുണ്ടായിരുന്നു. ടോപ് ഓര്‍ഡറില്‍ അവര്‍ക്ക് അലന്‍ ബോര്‍ഡറുണ്ടായിരുന്നു.
ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് എത്തുമ്പോഴും രണ്ടോ മൂന്നോ ഇടങ്കയ്യന്മാര്‍ ഉണ്ടായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ. 1996-ൽ സനത് ജയസൂര്യ, അർജുന രണതുംഗ, അസങ്ക ഗുരുസിൻഹ എന്നിവരിലൂടെ ശ്രീലങ്ക അത് വീണ്ടും തെളിയിച്ചു. പിന്നീട് ഓസ്‌ട്രേലിയയ്‌ക്കൊപ്പം ഗിൽക്രിസ്റ്റ്‌സിനും ഹെയ്‌ഡനും വന്നു. ഇപ്പോള്‍ ഇംഗ്ലണ്ടാണ് ഇത്തരത്തില്‍ സന്തുലിതാവസ്ഥയുള്ള ടീം. നമുക്കും അതു സൃഷ്ടിക്കേണ്ടതുണ്ട്" - രവി ശാസ്‌ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്.
ALSO READ: IND vs IRE| അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് മൂന്ന് ടി20 മത്സരങ്ങള്‍; ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ