ന്യൂഡല്‍ഹി:ഏകദിന ക്രിക്കറ്റില്‍ നിന്നും ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെൻ സ്റ്റോക്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകൾ കളിക്കുന്നതിന്‍റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു 31കാരനായ താരം തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ ഫോര്‍മാറ്റിന്‍റെ ഭാവി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്.
ഇപ്പോഴിതാ ഫോര്‍മാറ്റ് നിലനിര്‍ത്താന്‍ ഓവറുകളുടെ എണ്ണം കുറയ്‌ക്കണമെന്ന നിര്‍ദേശം മുന്നോട്ട് വയ്‌ച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കോച്ചുമായ രവി ശാസ്ത്രി. ഏകദിന മത്സരത്തിലെ ഓവറുകളുടെ എണ്ണം 50ൽ നിന്ന് 40 ആക്കണമെന്നാണ് ശാസ്‌ത്രി പറയുന്നത്. സംഘാടകര്‍ ക്രിക്കറ്റിന്‍റെ പുരോഗതിക്കും വികസനത്തിനുമായി ചിന്തിക്കണമെന്നും ശാസ്‌ത്രി പറഞ്ഞു.
“കളിയുടെ ദൈർഘ്യം കുറയ്ക്കുന്നതിൽ ഒരു ദോഷവുമില്ല. ഏകദിന ക്രിക്കറ്റ് തുടങ്ങുമ്പോൾ 60 ഓവറായിരുന്നു. 1983ൽ ഞങ്ങൾ ലോകകപ്പ് നേടുമ്പോൾ അത് 60 ഓവറായിരുന്നു. അതിനുശേഷം, 60 ഓവർ കുറച്ചുകൂടി ദൈർഘ്യമേറിയതാണെന്ന് ആളുകൾ കരുതി.
20നും 40നും ഇടയിലുള്ള ഓവറുകൾ വിരസമാണെന്ന് കണ്ടെത്തിയതോടെ, അത് 60 ൽ നിന്ന് 50 ആക്കി കുറച്ചു. അങ്ങനെ ആ തീരുമാനത്തിന് ശേഷം വർഷങ്ങൾ കടന്നു പോയി. എന്തുകൊണ്ട് അത് ഇപ്പോൾ 50 ൽ നിന്ന് 40 ആക്കി കുറച്ചുകൂടാ?. നിങ്ങൾ മുന്നോട്ട് ചിന്തിക്കുകയും പരിണമിക്കുകയും വേണം. 50 ഓവറുകള്‍ വളരെ ദൈർഘ്യമേറിയതാണ്.'' ശാസ്‌ത്രി പറഞ്ഞു.
അതേസമയം ഫോര്‍മാറ്റ് ചുരുക്കണമെന്ന് ആവശ്യപ്പെട്ട് പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര കലണ്ടറിൽ നിന്ന് ഫോർമാറ്റ് ഒഴിവാക്കണമെന്ന ആവശ്യമാണ് പാക് ഇതിഹാസം വസീം അക്രം മുന്നോട്ട് വച്ചത്.