സെന്‍റ് ലൂസിയ : വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഏറ്റവും അപകടകാരിയായ ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റ്ഇൻഡീസ്. വമ്പൻ സർപ്രൈസികളൊരുക്കിയാണ് കിറോണ്‍ പൊള്ളാർഡിനെ നായകനാക്കിയുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നീക്കം ആറ് വർഷങ്ങൾക്ക് ശേഷം പേസർ രവി രാംപോളിനെ ടീമിൽ തിരികെകൊണ്ടുവന്നു എന്നതാണ്. നിക്കോളാസ് പുരാനാണ് ടീമിന്‍റെ വൈസ്ക്യാപ്‌റ്റൻ.
36 കാരനായ രാംപോള്‍ അപ്രതീക്ഷിതമായണ് ടീമിൽ ഇടം നേടിയത്. 2007ല്‍ ടി20 ഫോര്‍മാറ്റില്‍ അരങ്ങേറിയ അദ്ദേഹം 2015 നവംബര്‍ 11ന് ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാനമായി കളിച്ചത്. 23 ടി20യില്‍ നിന്ന് 29 വിക്കറ്റുകളാണ് രാംപോള്‍ വീഴ്ത്തിയത്. 12 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 6.82 ഇക്കോണമിയില്‍ 14 വിക്കറ്റും അദ്ദേഹത്തിന്‍റെ പേരിലുണ്ട്.
റോസ്‌ടണ്‍ ചേസിന് ആദ്യമായി ടി20 ടീമിലേക്ക് ക്ഷണം കിട്ടിയപ്പോൾ 2016 ലോകകപ്പ് ഫൈനലിൽ ബെൻസ്റ്റോക്‌സിനെ തുടർച്ചയായ നാല് സിക്‌സർ പറത്തിയ കാർലോസ് ബ്രാത്ത്‌വെയ്‌റ്റിന് ടീമിൽ അവസരം ലഭിച്ചില്ല. കൂടാതെ സുനിൽ നരെയ്‌നും ടീമിൽ ഇടം നേടാൻ സാധിച്ചില്ല. പേസർ ജേസൻ ഹോൾഡറെയും, ഡാരൻ ബ്രാവോയെയും റിസർവ് താരങ്ങളായാണ് പരിഗണിച്ചത്.