തിരുവനന്തപുരം: 2022-23 സീസണിലെ രഞ്ജി ട്രോഫി ടൂർണമെന്‍റിലെ ആദ്യ രണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. റാഞ്ചിയിലും, ജയ്‌പൂരിലുമായി നടക്കുന്ന മത്സരത്തിനായി 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിൽ സിജോമോൻ ജോസഫാണ് ഉപനായകൻ.
ഷോണ്‍ റോജർ, കൃഷ്‌ണ പ്രസാദ്, വൈശാഖ് ചന്ദ്രൻ, സച്ചിൻ സുരേഷ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് ടീമിന്‍റെ മുഖ്യ പരിശീലകൻ. ടൂർണമെന്‍റിനായി ഡിസംബർ 10ന് കേരള ടീം റാഞ്ചിയിലേക്ക് തിരിക്കും. ഡിസംബർ 13നാണ് ജാർഖണ്ഡിനെതിരായ കേരളത്തിന്‍റെ മത്സരം.
ഡിസംബർ 20 മുതലാണ് രാജസ്ഥാനെതിരായ രണ്ടാം മത്സരം. 27-ാം തിയതി മുതല്‍ ഛത്തീസ്‌ഗഢിന് എതിരെയും ജനുവരി മൂന്ന് മുതല്‍ ഗോവയ്ക്ക് എതിരെയും 10 മുതല്‍ സര്‍വീസസിന് എതിരെയും 17 മുതല്‍ കര്‍ണാടകയ്ക്ക് എതിരെയും 24 മുതല്‍ പുതുച്ചേരിക്ക് എതിരെയുമാണ് കേരളത്തിന്‍റെ മറ്റ് മത്സരങ്ങള്‍.
കേരള ടീം:സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്(വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്‌ണ പ്രസാദ്, വത്സല്‍ ഗോവിന്ദ് ശര്‍മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ്(വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി.