ലണ്ടൻ :ഇക്കഴിഞ്ഞ ഐപിഎല്ലിൽ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ടീമായിരുന്നു സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. മികച്ച ഒരുപിടി താരങ്ങൾ ഉണ്ടായിരുന്നിട്ടുപോലും തുടർ തോൽവികളിൽ പതറി ടീം പ്ലേ ഓഫ് കാണാതെ തന്നെ പുറത്താവുകയായിരുന്നു. പിന്നാലെ സഞ്ജു സാംസണിന്‍റെ ക്യാപ്‌റ്റൻസിക്കെതിരെ ഉൾപ്പടെ ആരാധകർ രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ മാറ്റി ജോസ് ബട്‌ലറെ നായകനാക്കണമെന്നായിരുന്നു ആരാധകരുടെ പ്രധാന ആവശ്യം.
ഇപ്പോഴിതാ ടീമിന്‍റെ നെടുംതൂണായ ജോസ് ബട്‌ലറെ ദീർഘകാലത്തേക്ക് ടീമിൽ നിലർത്താനൊരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ബട്‌ലറുമായി നാല് വർഷത്തെ കരാറിൽ ഏർപ്പെടാൻ രാജസ്ഥാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പാൾ റോയൽസിനായും കളിക്കുന്ന ജോസ് ബട്‌ലർക്ക് വൻ തുകയാണ് രാജസ്ഥാൻ വാഗ്‌ദാനം ചെയ്യാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം ബട്‌ലർ ഈ ഓഫർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. നിലവിൽ ഇംഗ്ലണ്ട് ടീമിന്‍റെ നായകൻ കൂടിയാണ് ബട്‌ലർ. ദീർഘകാല കരാറിൽ ഒപ്പുവയ്ക്കുകയാണെങ്കിൽ, ഭാവിയിൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ താരങ്ങളുടെ സേവനം ലഭിക്കാൻ ക്രിക്കറ്റ് ബോർഡുകൾക്ക് സ്വകാര്യ ഫ്രാഞ്ചൈസികളുടെ അനുമതി തേടേണ്ടി വന്നേക്കാം. അതിനാൽ തന്നെ ദേശീയ ടീമിനേക്കാൾ പ്രാധാന്യം ബട്‌ലർ രാജസ്ഥാൻ റോയൽസിന് നൽകുമോ എന്ന കാര്യവും കണ്ടറിയണം.
2022 സീസണിലെ മെഗാലേലത്തിൽ 10 കോടി രൂപ നൽകിയാണ് ബട്‌ലറെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയത്. 2022 സീസണിൽ ഐപിഎല്ലിലെ ഒട്ടുമിക്ക ഫ്രാഞ്ചൈസികളും ബട്‌ലറുടെ ബാറ്റിന്‍റെ ചൂടറിഞ്ഞിരുന്നു. നാല് സെഞ്ച്വറികളായിരുന്നു ബട്‌ലർ ആ സീസണിൽ അടിച്ച് കൂട്ടിയത്. 17 മത്സരങ്ങളിൽ നിന്ന് 869 റണ്‍സായിരുന്നു സീസണിൽ ബട്‌ലറുടെ സമ്പാദ്യം. എന്നാൽ 2023 ൽ 14 മത്സരങ്ങളിൽ നിന്ന് വെറും 392 റണ്‍സ് മാത്രമേ ബട്‌ലർക്ക് നേടാൻ സാധിച്ചിരുന്നുള്ളൂ.
സഞ്ജുവിന്‍റെ നായകസ്ഥാനം തെറിക്കുമോ ? ബട്‌ലറെ കൈവിട്ടാൽ പകരം തുല്യനായൊരു വിദേശ താരത്തെ കണ്ടെത്തുക എന്നത് രാജസ്ഥാന് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതിനാൽ തന്നെ എന്ത് വിലകൊടുത്തും ബട്‌ലറെ നിലനിർത്താനാകും രാജസ്ഥാന്‍റെ ശ്രമം. അതേസമയം കരാർ അംഗീകരിക്കാൻ ബട്‌ലർ ടീമിന്‍റെ നായകസ്ഥാനം ആവശ്യപ്പെട്ടാൽ രാജസ്ഥാന് അതിന് വഴങ്ങേണ്ടതായി വരും.
ഒരു പക്ഷേ അങ്ങനെ സംഭവിച്ചാൽ സഞ്ജു സാംസണിന് നായകസ്ഥാനത്ത് നിന്ന് മാറേണ്ടി വരും. നായകസ്ഥാനം നഷ്‌ടപ്പെട്ടാൽ സഞ്ജു റോയൽസ് വിടാനുള്ള സാധ്യതയും ആരാധകർ തള്ളിക്കളയുന്നില്ല. കാരണം ചെന്നൈ സൂപ്പർ കിങ്‌സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് പോലുള്ള മുൻനിര ടീമുകൾ സഞ്ജുവിനെ നേരത്തേ തന്നെ നോട്ടമിട്ടിരുന്നു. അതിനാൽ തന്നെ അടുത്ത ലേലത്തിൽ എത്താൻ തീരുമാനിച്ചാൽ കോടികൾ വാരിക്കൂട്ടാൻ സഞ്ജുവിന് കഴിയും.
ഫുട്‌ബോൾ മാതൃകയിൽ പ്രധാന താരങ്ങളെ വലിയ തുക നൽകി ദീർഘനാൾ ടീമിൽ നിലനിർത്താനുള്ള പദ്ധതികൾ ഐപിഎല്ലിലെ ഒട്ടുമിക്ക ക്ലബ്ബുകളും ആവിഷ്‌കരിക്കുന്നുണ്ട്. ഇത്തരത്തിൽ മുംബൈ ഇന്ത്യൻസ് ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചറിനെ വൻ തുക നൽകി സ്വന്തമാക്കി മുംബൈ ഫ്രാഞ്ചൈസിയുടെ വിവിധ ടീമുകളിൽ കളിപ്പിക്കാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.