മുംബൈ: ഐപിഎൽ 15-ാം സീസണിന്‍റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസിന്‍റെ സോഷ്യൽ മീഡിയ ടീമിനെ പുറത്താക്കി. നായകനും മലയാളി താരവുമായ സഞ്ജു സാംസണെ ട്രോളിയുള്ള ചിത്രം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്‌തതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്.
കളി കാര്യമായി: ഇന്ന് ഉച്ചയോടെയാണ് ടീമിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ സഞ്ജു സാംസണ്‍ ബസിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തത്. എന്നാൽ ചിത്രത്തിൽ സഞ്ജുവിന് തലപ്പാവും, കണ്ണടയും ചെവിയിൽ കമ്മൽ പോലുള്ള തോരണങ്ങളും നൽകി 'എത്ര സുന്ദരനാണ്' എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തത്. പിന്നാലെ ഇതിന് മറുപടിയുമായി സഞ്ജുവും രംഗത്തെത്തി.
'സുഹൃത്തുക്കളേ, ചെയ്യുന്നതൊക്കെ കൊള്ളം. പക്ഷേ ടീം എന്ന നിലയിൽ പ്രൊഫഷണലായിരിക്കണം' എന്നതായിരുന്ന സഞ്ജുവിന്‍റെ മറുപടി ട്വീറ്റ്. പിന്നാലെ സഞ്ജു രാജസ്ഥാനെ ട്വിറ്ററിൽ അണ്‍ഫോളോ ചെയ്‌തു. ഇതോടെ തങ്ങളുടെ ട്രോൾ ക്യാപ്‌റ്റന് അത്ര രസിച്ചില്ല എന്ന് മനസിലാക്കിയ സോഷ്യൽ മീഡിയ ടീം പോസ്റ്റ് ഡീലിറ്റ് ചെയ്‌ത് സംഭവത്തിൽ നിന്ന് തടിയൂരി.
പ്രസ്‌താവനയുമായി മാനേജ്‌മെന്‍റ്: ഇതിന് പിന്നാലെയാണ് ടീം മാനേജ്‌മെന്‍റ് ഇതിന് വിശദീകരണവുമായി രംഗത്തെത്തിയത്. 'ഇന്ന് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങളുടേയും സോഷ്യൽ മീഡിയ ടീമിന്‍റേയും സമീപനത്തിൽ മാറ്റം വരുത്തുകയാണ്. സണ്‍റൈസേഴ്‌സിനെതിരായ ആദ്യ മത്സരത്തിന് മുൻപ് ടീമിനുള്ളിൽ എല്ലാം ശരിയായ രീതിയിൽ തന്നെ പോകുന്നുണ്ട്.
ടീമിന്‍റെ ഡിജിറ്റൽ സമീപനം പരിശോധിക്കാനും ഡിജിറ്റൽ വിഭാഗം കൈകാര്യം ചെയ്യാൻ പുതിയൊരു ടീമിനെ കൊണ്ടുവരാനും മാനേജ്‌മെന്‍റ് തീരുമാനിച്ചിട്ടുണ്ട്. ഐപിഎൽ സമയത്ത് ആരാധകർ നിരന്തരം അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കുന്നതിനാൽ ഒരു താൽകാലിക പരിഹാരം ഞങ്ങൾ ഒരുക്കും.' ടീം പ്രസ്‌താവനയിൽ പറഞ്ഞു.
ALSO READ:IPL 2022: ധോണിക്കൊപ്പം കളിക്കാൻ സാധിച്ചത് ഭാഗ്യം; ക്യാപ്‌റ്റനെന്ന നിലയിൽ ഏറെ ഗുണം ചെയ്യുമെന്ന് ഡു പ്ലസിസ്
അതേസമയം ടീം പ്രസ്‌താവന പുറത്തിറക്കിയിട്ടും രാജസ്ഥനെ സഞ്ജു ഇതുവരെ തിരികെ ഫോളോ ചെയ്‌തിട്ടില്ല. താരലേലത്തിനും മാസങ്ങൾക്ക് മുൻപ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രാജസ്ഥാൻ റോയൽസിനെ അണ്‍ഫോളോ ചെയ്‌ത് പകരം ചെന്നൈ സുപ്പർ കിങ്സിനെ സഞ്ജു ഫോളോ ചെയ്തിരുന്നു. ആ സമയത്ത് സഞ്ജു രാജസ്ഥാൻ വിടുന്ന എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.