എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് റിഷഭ് പന്തിന്‍റേയും രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ്. അഞ്ച് വിക്കറ്റിന് 98 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 222 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താങ്ങി നിര്‍ത്തിയത്.
111 പന്തില്‍ 146 റണ്‍സടിച്ച റിഷഭ് പന്താണ് നിലവില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. 83 റണ്‍സുമായി ക്രീസിലുള്ള ജഡേജ ഇന്ത്യയ്‌ക്ക് പ്രതീക്ഷയാണ്. സമ്മര്‍ദ ഘട്ടത്തിലാണെങ്കിലും ഏകദിന ശൈലിയിലായിരുന്നു പന്ത് ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ടത്. 89 പന്തിലാണ് താരം തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.
എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഇന്ത്യന്‍ ഡ്രസ്സിങ് റൂം പന്തിന്‍റെ നേട്ടം ആഘോഷിച്ചത്. എന്നാല്‍ ഇതിനിടയില്‍ ശ്രദ്ധേയമായത് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണമാണ്. സാധാരണയായി കളത്തിലും പുറത്തും കൂടുതല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത ദ്രാവിഡ് തന്‍റെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് വായുവില്‍ മുഷ്ടി ചുരുട്ടിയടിച്ചാണ് പന്തിന്‍റെ നേട്ടം ആഘോഷിച്ചത്.