ബെംഗളൂരു:ദേശിയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യയുടെ മുൻ നായകൻ രാഹുൽ ദ്രാവിഡ് അപേക്ഷ നൽകി. ഇതോടെ ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ദ്രാവിഡ് ഏറ്റെടുക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.
ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ രവിശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയാനാണ് സാധ്യത. ലോകകപ്പോടെ ശാസ്ത്രിയുടെ കരാർ കാലാവധി അവസാനിക്കും. അടുത്തിടെ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി ബിസിസിഐ ദ്രാവിഡിനെയാണ് നിയമിച്ചത്. ഇതോടെയാണ് അടുത്ത ഇന്ത്യൻ പരിശീലകനായി ദ്രാവിഡിനെ നിയമിക്കണമെന്ന അഭ്യൂഹം ശക്തമായത്.