ധര്‍മ്മശാല :ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) മാച്ച് റഫറിമാര്‍ അഹമ്മദാബാദ്, ചെന്നൈ പിച്ചുകള്‍ക്ക് ശരാശരി റേറ്റിങ് നല്‍കിയതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ക്ക് വേദികളായ സ്റ്റേഡിയങ്ങള്‍ക്കാണ് ഐസിസി ശരാശരി റേറ്റിങ് നല്‍കിയത്. ഇവിടെ നടന്ന രണ്ട് മത്സരങ്ങളിലും എതിരാളികളെ 200 റണ്‍സില്‍ താഴെ പുറത്താക്കി മത്സരത്തില്‍ ജയം പിടിക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ ചെന്നൈയില്‍ വച്ചായിരുന്നു രോഹിത് ശര്‍മയും സംഘവും നേരിട്ടത്. ഈ മത്സരത്തില്‍ ഓസീസിനെ 199 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 52 പന്തും ആറ് വിക്കറ്റും ശേഷിക്കെ ജയം സ്വന്തമാക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ തകര്‍ത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനെ 191 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ ടീം ഇന്ത്യയ്‌ക്കായി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 30.3 ഓവറിലായിരുന്നു ഇന്ത്യ ജയം പിടിച്ചത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ പരിശീലകന്‍റെ വിമര്‍ശനം.
'350 റണ്‍സ് പിറക്കുന്ന മത്സരങ്ങള്‍ കാണാനും ആ പിച്ചുകള്‍ നല്ലതാണ് എന്ന് വിലയിരുത്താനുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനോട് ഞാന്‍ ഒരിക്കലും യോജിക്കില്ല. ക്രിക്കറ്റില്‍ ഓരോ താരങ്ങളുടെയും വ്യത്യസ്‌തമായ കഴിവുകള്‍ നാം കാണേണ്ടതുണ്ട്. സിക്‌സറും ഫോറും മാത്രം കാണാനാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അതിനായി ടി20 ക്രിക്കറ്റ് ഉണ്ട്.