സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയിലെ പിച്ചുകൾ ഏറെ പ്രയാസമേറിയതാണെന്നും എന്നാൽ പരമ്പര ഏറെ ആവേശം നിറഞ്ഞതായിരിക്കുമെന്നും ദ്രാവിഡ് വ്യക്‌തമാക്കി.
മത്സരിക്കാൻ ഏറെ പ്രയാസമുള്ള ഇടങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. ഓരോ തവണയും വിദേശത്ത് കളിക്കുമ്പോൾ ഏത് ഫോർമാറ്റിലും പൊരുതാനും ജയിക്കാനും നാം പ്രാപ്‌തരാണ് എന്ന പ്രതീക്ഷ ഇപ്പോൾ കൈവന്നിരിക്കുകയാണ്. സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ കീഴ്‌പ്പെടുത്തണമെങ്കിൽ നമുക്ക് നന്നായി ബാറ്റ് ചെയ്യാൻ സാധിക്കണം, ദ്രാവിഡ് പറഞ്ഞു.
നന്നായി പരിശീലനം നേടുക, നന്നായി കളിക്കുക ഇത് മാത്രമാണ് പരിശീലകനെന്ന നിലയിൽ കളിക്കാരിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. പരമ്പര വിജയത്തിലും തോൽവിയിലും ആശങ്കപ്പെടേണ്ടകാര്യമില്ല. നല്ല ഒരുക്കവും നിശ്ചയദാർഢ്യവും പരമ്പരയിലുടനീളം ഉണ്ടാകണം എന്നത് മാത്രമാണ് എന്‍റെ ആവശ്യം, ദ്രാവിഡ് കൂട്ടിച്ചേർത്തു.
ALSO READ:ഇന്ത്യ മികച്ച ടീം, പക്ഷേ സ്വന്തം നാട്ടിൽ കളിക്കുന്നതിനാൽ മുൻതൂക്കം ദക്ഷിണാഫ്രിക്കക്ക് : ഡീൻ എൽഗർ
നാളെ സെഞ്ചൂറിയനിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യം വച്ചുകൂടിയാണ് വിരാട് കോലിയും സംഘവും ബോക്‌സിങ് ഡേയില്‍ നാളെ കളത്തിലിറങ്ങുന്നത്. അതേസമയം ദ്രാവിഡ് ഇന്ത്യയുടെ സ്ഥിരം പരിശീലക സ്ഥാനം ഏറ്റെടുത്തശേഷമുള്ള ആദ്യ വിദേശ പരമ്പരയാണിത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്.